സാക്ഷി മാലിക്കിനെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റുന്ന് പോലീസ്, റിതിക സിങ് | Photo: pti, apf
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ സിനിമാപ്രവർത്തകർ രംഗത്ത്. സംവിധായകൻ പാ രഞ്ജിത്ത്, നടി റിതിക സിങ്, നടൻ കലെെയരസൻ എന്നിവരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. കമൽഹാസൻ, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, അപർണ ബാലമുരളി, ടൊവിനോ തോമസ്, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവർ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു.
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച സാക്ഷി മാലിക്കിനെയും മറ്റ് താരങ്ങളേയും കൈയ്യേറ്റം ചെയ്തതിനെതിരെ അപലപിക്കുന്നുവെന്ന് പാ രഞ്ജിത്ത് പറഞ്ഞു. ലോക വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തിയ ചാമ്പ്യന്മാരോട് ഒരു മാന്യതയും ബഹുമാനവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നതെന്നും പാ രഞ്ജിത്ത് കുറിച്ചു. മെഡലുകൾ നദീജലത്തിൽ ഒഴുക്കാൻ തുനിഞ്ഞ ചാമ്പ്യൻമാരുടെ തീരുമാനത്തിനോട് സർക്കാർ പ്രതികരിക്കാത്തത് നാണക്കേടാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാ രഞ്ജിത്ത്, ശരൺ സിങ്ങിനെ പുറത്താക്കണമെന്നും നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളോടും അവരെ പിന്തുണയ്ക്കുന്നവരോടുമുള്ള പെരുമാറ്റം വിഷമിപ്പിക്കുന്നതാണെന്നും ലജ്ജാവഹമാണെന്നും നടി റിതിക സിങ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകത്തിനുമുമ്പിൽ ഗുസ്തി താരങ്ങളുടെ ബഹുമാനവും അന്തസ്സും നിഷേധിക്കപ്പെട്ടുവെന്നും അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്ക് സാധിക്കുന്നില്ലെന്നും നടി പറഞ്ഞു. ഇത് ഹൃദയഭേദകമാണെന്നും ഈ പ്രശ്നം ഉടനെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നുവെന്നും നടി കുറിച്ചു.
നമ്മളെ അഭിമാനം കൊള്ളിച്ച ചാമ്പ്യന്മാർ നീതിക്ക് വേണ്ടി പോരാടുകയാണെന്നും ഒരു അന്തസ്സും ബഹുമാനവുമില്ലാതെയാണ് അവരോട് പെരുമാറിയിരിക്കുന്നതെന്നും നടൻ കലെെയരസൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നടൻ ആവശ്യപ്പെട്ടു.
എം.പി. കൂടിയായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രിൽ 21 മുതൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. സമരം കടുപ്പിച്ച താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കർഷക നേതാവക്കൾ ഇടപെട്ടതോടെ ഇവർ തീരുമാനത്തിൽ നിന്ന് താത്ക്കാലികമായി പിന്മാറി. അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകൾ ഗംഗയിലെറിയുമെന്നാണ് താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Ritika Singh Pa Ranjith Kalaiyarasan and other film stars support for wrestlers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..