ടൈറ്റിൽ വായിച്ചാൽ കുടിവെള്ളം ഇല്ലാത്ത സ്ഥലങ്ങളിലെ പ്രശ്നം ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററി ആണോ എന്ന് തോന്നിപ്പോകും. സിനിമ കാണുമ്പോഴാണ് മദ്യത്തെ കുറിച്ചുള്ള നാടൻ ഭാഷയായി വെള്ളത്തെ കാണുന്നത് എന്ന് മനസ്സിലാകുന്നത്. കണ്ണുനീരും ഒരു വെള്ളമാണ് അതിനെ സംബന്ധിച്ചും ഈ സിനിമയിൽ കാണാൻ കഴിയും.

ഇത് ഒരാളുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കഥയാണ്. ഒരു ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നല്ല രീതിയിൽ ഈ സിനിമ വരച്ചുകാണിക്കുന്നു. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള മദ്യപാനത്തിന് അടിമയായ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അഭിനയമാണ് മുരളി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ കാഴ്ചവയ്ക്കുന്നത്. മുരളി എന്ന സ്ഥിരം മദ്യപാനിയുടെ നിസ്സഹായയായ ഭാര്യയായി സംയുക്ത മേനോനും വളരെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.

ഒരാളുടെ അമിത മദ്യപാനം മൂലം നാട്ടിലും വീട്ടിലും ഉണ്ടാവുന്ന നിരവധി പ്രശ്നങ്ങളും മദ്യം ലഭിക്കാതെ വരുമ്പോൾ അയാൾ നടത്തുന്ന പരാക്രമങ്ങളും ആത്മഹത്യാപ്രവണതയും അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളും ഈ സിനിമയിൽ സംവിധായകനായ പ്രജീഷ് സെൻ നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

ഒരു ലഹരിവിമോചന കേന്ദ്രത്തിന്റെ ഉടമസ്ഥനായി സിദ്ദിഖും നല്ല അഭിനയം കാഴ്ച വച്ചിരിക്കുന്നു.

നമ്മുടെ സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മാർഗമാണ് മദ്യം, എന്നാൽ മദ്യത്തിന് അടിമപ്പെട്ടു പോകുന്നത്തിന്റെ ദൂഷ്യവശങ്ങൾ ഈ സിനിമയിൽ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. മദ്യപാനത്തിന് അടിമപ്പെടുന്നത് ഒരു രോഗമാണ്, ശരിയായ ലഹരി വിമുക്ത ചികിത്സയിലൂടെ അതിൽ നിന്ന് പുറത്ത് വരാനും കഴിയുമെന്ന് ഈ സിനിമ കാണിച്ചുതരുന്നു.

ബിജിബാലാണ് ചിത്രത്തിന് മികവുറ്റ സംഗീതം ഒരുക്കിയിരിക്കുന്നത്, പക്ഷേ ചില സ്ഥലങ്ങളിൽ സിനിമയുടെ ഫ്ലോ തന്നെ ഇല്ലാതാക്കി വലിച്ചു നീട്ടി കൊണ്ടുപോകുന്നതായി തോന്നുന്നുണ്ട്. റോബി വർഗീസ് രാജിന്റെ ക്യാമറ കേരളത്തിന്റെ നാട്ടിൻപുറങ്ങളുടെ സൗന്ദര്യം ഭംഗിയായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.

വളരെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യമലയാള സിനിമ കാണാൻ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. വെള്ളം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും അതൊരു പ്രത്യേക അനുഭവമായിരുന്നു.

കോവിഡ് മൂലം വളരെയേറെ പ്രതിസന്ധി നേരിട്ട മേഖലയാണ് മലയാള സിനിമ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശനം നടക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

Content Highlights: Rishiraj Singh Praises Jayasurya Movie Vellam directed by Prajesh Sen