രാജ് കപൂറിന്റെ ഭാഗ്യനായിക മാത്രമായിരുന്നോ നർഗീസ്? അല്ലെന്നു പറയുന്നു മകനും ബോളിവുഡ് താരവുമായ ഋഷി കപൂര്‍. രാജ് കപൂറും നർഗിസും ബോളിവുഡിലെ ഏറ്റവും മികച്ച താരജോഡികൾ മാത്രമല്ല, പ്രണയജോഡികൾ കൂടിയായിരുന്നുവെന്നും വിവാഹശേഷവും അച്ഛൻ ഈ ബന്ധം തുടർന്നിരുന്നെന്നുമാണ് ഋഷി കപൂർ ഖുല്ലം ഖുല്ല എന്ന തന്റെ ആത്മകഥയിൽ പറയുന്നത്. നർഗീസുമായി മാത്രമല്ല, അന്നത്തെ താരസുന്ദരി വൈജയന്തിമാലയുമായും രാജ് കപൂറിന് വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നും ഋഷി ആത്മകഥയിൽ തുറന്നെഴുതുന്നു.

Vyjayanthi Mala
വൈജയന്തിമാല

"ഞാന്‍ കുഞ്ഞായിരിക്കുമ്പോഴാണ് പപ്പയ്ക്ക് നര്‍ഗീസ്ജിയുമായി ബന്ധമുണ്ടായിരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും എന്നെ ബാധിച്ചില്ല. പപ്പയ്ക്ക് വൈജയന്തിമാലയുമായി ബന്ധമുണ്ടായിരുന്ന സമയത്ത്  മമ്മയ്‌ക്കൊപ്പം നടരാജ് ഹോട്ടലില്‍ നിന്ന് മറൈന്‍ ഡ്രൈവിലേക്ക് താമസം മാറിയത് എനിക്ക് ഓര്‍മയുണ്ട്. പിന്നീട് ഞങ്ങള്‍ പപ്പയോടൊപ്പം ചിത്രകൂടിലുള്ള ഒരു വസതിയിലേക്ക് താമസം മാറ്റി. അച്ഛന്റെ പ്രണയത്തിന്റെ വിഷയത്തിൽ മമ്മ കടുത്ത നിലപാടുകൾ കൈക്കൊണ്ട സമയമായിരുന്നു അത്. മമ്മയെ തിരിച്ചു കൊണ്ടുവരാന്‍ പപ്പ ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാല്‍ നര്‍ഗീസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം മാത്രമാണ് മമ്മ വീണ്ടും പപ്പയ്‌ക്കൊപ്പം ജീവിക്കാന്‍ തയ്യാറായത്. 

രാജ് കപൂറുമായി പ്രണയബന്ധമില്ലായിരുന്നുവെന്നാണ് കുറച്ചുകാലം മുന്‍പ് നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ വൈജയന്തി മാല പറഞ്ഞത്. തുടര്‍ന്ന് പലരും എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കി. എന്നാൽ, ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാനാവും. പപ്പ ജീവിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ആ സത്യം നിഷേധിക്കാനാകുമായിരുന്നില്ല. 

കപൂര്‍ കുടുംബത്തിലെ വിവാഹ ചടങ്ങുകളെല്ലാം വലിയ ആര്‍ഭാടത്തോടെ നടത്താന്‍ പപ്പ ശ്രദ്ധിച്ചിരുന്നു. എന്റെ വിവാഹവും ആർഭാടമായി തന്നെയാണ് നടത്തിയത്. പാകിസ്താനില്‍ നിന്ന് ഉസ്താദ് ഫത്തേ അലിഖാനെ വരെ കൊണ്ടുവന്നിരുന്നു സംഗീത പരിപാടിക്ക്. കല്യാണ ദിവസം വീട്ടിൽ അസാധാരണമായി എന്തോ സംഭവിച്ചിരുന്നു.

nargis
 നർഗീസ്

ജഗ്‌തേ  രഹോയുടെ ചിത്രീകരണത്തന് ശേഷം നര്‍ഗീസ് ജി ആര്‍.കെ സ്റ്റുഡിയോയില്‍ കാലു കുത്തിയിട്ടില്ല. എന്നാല്‍ എന്റെ കല്യാണത്തിന് സുനില്‍ ദത്തിനൊപ്പം അവര്‍ എത്തി. ചടങ്ങിലുടനീളം അവര്‍ പരിഭ്രാന്തയായാണ് കാണപ്പെട്ടത്. ഇതു മനസ്സിലാക്കിയ മമ്മ അവരെ മാറ്റി നിര്‍ത്തി സംസാരിച്ചു: "എന്റെ ഭര്‍ത്താവ് സുന്ദരനാണ്, പ്രണയാതുരനാണ്. ആര്‍ക്കും അദ്ദേഹത്തോട് ആകര്‍ഷണം തോന്നാം. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. പഴയ കാര്യങ്ങള്‍ ആലോചിച്ച് വിഷമിക്കരുത്. ഇപ്പോള്‍ നിങ്ങള്‍ വന്നിരിക്കുന്നത് ഇവിടുത്തെ ഒരു മംഗള കര്‍മത്തില്‍ പങ്കെടുക്കാനാണ്. നമ്മള്‍ സുഹൃത്തുക്കളായിരിക്കും"- ഋഷി പുസ്തകത്തിൽ എഴുതി.