രീന കപൂര്‍-സെയ്ഫ് അലിഖാന്‍ താരദമ്പതികകളുടെ കുഞ്ഞിന്റെ പേര് വിവാദമാക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കരീനയുടെ അച്ഛന്റെ സഹോദരൻ കൂടിയായ നടൻ ഋഷി കപൂര്‍. 

ചൊവ്വാഴ്ച ജനിച്ച കുഞ്ഞിന്റെ പേര് കപൂര്‍ കുടംബം പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ സാമൂഹ്യ മാധ്യമങ്ങളില്‍ വൻ വിവാദമായിരുന്നു. തൈമുര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന്റെ പൂര്‍ണനാമം. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്. 

സ്വേച്ഛാധിപതിയായ തിമൂറിന്റെ പേര് കുഞ്ഞിന് നല്‍കിയത് ഒരു വിഭാഗത്തെ ചോടിപ്പിച്ചു. തുടര്‍ന്ന് ട്വിറ്ററില്‍ കടുത്ത ആക്രമണമാണ് കുഞ്ഞിന്റെ പേരിനെതിരെ അഴിച്ചുവിട്ടത്. 

സംഭവം കൂടുതല്‍ വിവാദമായപ്പോഴാണ് ഋഷി കപൂര്‍ തന്നെ വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയത്. ട്വിറ്ററിൽ കടുത്ത ഭാഷയിലായിരുന്നു ഋഷിയുടെ പ്രതികരണം.

സ്വന്തം കുഞ്ഞിന് എന്തു പേരിടണം എന്ന് നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം മാതാപിതാക്കള്‍ക്കാണെന്നും ആളുകൾ പോയി സ്വന്തം ജോലിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഋഷി കപൂര്‍ പറഞ്ഞു. ഉപദ്രവം തുടരുന്നവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നും ഋഷി കപൂർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

അലക്‌സാണ്ടറും സിക്കന്ദറുമെല്ലാം മുനിമാരായിരുന്നില്ല. ഈ പേരുകളെല്ലാം ലോകത്തില്‍ ഇപ്പോഴും കുട്ടികള്‍ക്ക് ഇടുന്നുണ്ട്. അതിലൊന്നും ആര്‍ക്കും യാതൊരു അതൃപ്തിയുമില്ലല്ലോ എന്ന് ഋഷി ചോദിക്കുന്നു.