Rizabawa
''ഒരു വിരല്‍ത്തുമ്പില്‍ എന്നെയും മറുവിരല്‍ത്തുമ്പില്‍ ആന്ഡ്രൂസിനെയുംകൊണ്ട് നടക്കാനിറങ്ങുമ്പോള്‍ പണ്ട് അമ്മച്ചി ഞങ്ങള്‍ക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ. ഭൂതത്താന്റെ കൈയില്‍നിന്നു ഭൂമി നിധി തട്ടിപ്പറിച്ച കഥ. ആ കഥയിലെ നിധിയാണ് ഇപ്പോ അമ്മച്ചിയുടെ കൈയിലിരിക്കുന്നത്. പ്ലീസ്, അതിങ്ങു തന്നേര്'' - ജോണ്‍ ഹോനായിയുടെ ഡയലോഗ് മലയാള സിനിമ അത്ര പെട്ടെന്ന് മറക്കില്ല. ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചു മുന്നേറിയ 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയെ പൊടുന്നനെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയ സൂപ്പര്‍ വില്ലന്‍. ചിരിച്ചുകൊണ്ടു കഴുത്തറക്കുന്ന ക്രൂരനായ ഹോനായിയെ അനായാസം പകര്‍ന്നാടിയ റിസബാവ എന്ന നടന് ആ കഥാപാത്രത്തെ കണ്ടത് ഒരു 'നിധി'യായിട്ടാണ്. നായകനും വില്ലനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമൊക്കെയായി മലയാള സിനിമയില്‍ പല വേഷങ്ങള്‍ ചെയ്തപ്പോഴും മറക്കാനാകാത്ത നിധിയായി ജോണ്‍ ഹോനായിയുടെ വേഷത്തെ റിസബാവ കണ്ടു.
'ഡോക്ടര്‍ പശുപതി' എന്ന സിനിമയിലൂടെ ആദ്യമായി നായകനായ റിസബാവയിലെ വില്ലന്‍ എന്ന നിധിയെ കണ്ടെടുക്കാനുള്ള നിയോഗം സംവിധായകരായ സിദ്ദിഖ്-ലാലുമാര്ക്കായിരുന്നു. 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി ജോണ്‍ ഹോനായിയെ അവതരിപ്പിക്കാന്‍ തമിഴ് നടന് രഘുവരനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ''ഇന്‍ ഹരിഹര്‍ നഗറിന്റെ കഥ എഴുതുമ്പോള്‍ മുതല്‍ എന്റെയും ലാലിന്റെയും മനസ്സിലുണ്ടായിരുന്നത് രഘുവരനാണ്. അദ്ദേഹത്തിനു വരാന്‍ പറ്റാതായതോടെ പുതിയൊരാള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങള്‍. ആ സമയത്താണ് ഒരു ദിവസം കലാഭവന്‍ അന്‍സാര്‍ റിസബാവയുമായി ഞങ്ങളുടെ അടുത്തെത്തുന്നത്. റിസയെ കണ്ട നിമിഷംതന്നെ ജോണ്‍ ഹോനായിയെയും ഞാന്‍ ആ മുഖത്തു കണ്ടു.'' -ലാല്‍ ഓര്‍മിക്കുന്നു.
1984-ല്‍ 'വിഷുപ്പക്ഷി' എന്ന ചിത്രത്തിലൂടെയാണ് റിസബാവ അഭിനയ രംഗത്തേക്കെത്തുന്നതെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയം എന്ന മോഹവുമായി പിന്നെയും പറക്കാന്‍ ശ്രമിച്ച റിസബാവയ്ക്ക് ആറു വര്‍ഷത്തിനു ശേഷമാണ് അടുത്ത അവസരം ലഭിക്കുന്നത്. 1990-ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഡോക്ടര്‍ പശുപതി' എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു.
150-ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും റിസബാവ എത്തുന്നത് ആ പറക്കലിലൂടെയായിരുന്നു. രാഷ്ട്രീയക്കാരന്റെ വേഷം നന്നായി ഇണങ്ങുന്ന കലാകാരനായിരുന്നു റിസബാവ. 'ക്രൈം ഫയല്‍' എന്ന ചിത്രത്തിലെ മന്ത്രി തോമസ് മുതല്‍ അവസാനം അഭിനയിച്ച 'വണ്‍' സിനിമയിലെ ഭാസ്കരന് എം.എല്‍.എ. വരെയായി കൈയിലെത്തിയ രാഷ്ട്രീയവേഷങ്ങളെല്ലാം അദ്ദേഹം മനോഹരമാക്കി.
നാടകവേദിയിലെ അനുഭവസമ്പത്തും അദ്ദേഹം സിനിമയ്ക്ക് മുതല്‍ക്കൂട്ടാക്കി. ശബ്ദംകൊണ്ടും അനുഗൃഹീതനായ കലാകാരനായിരുന്നു റിസബാവ. വെള്ളിത്തിരയില്‍ മുഖമില്ലെങ്കില്‍ പോലും മലയാളി പെട്ടെന്നു തിരിച്ചറിഞ്ഞിരുന്ന ശബ്ദത്തിന്റെ ഉടമ. നടനായി മലയാള സിനിമ സ്വീകരിച്ച റിസബാവയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത് ഡബ്ബിങ്ങിനാണെന്നത് ആ ശബ്ദത്തിനുള്ള അംഗീകാരമാണ്. 'കര്‍മയോഗി' എന്ന ചിത്രത്തില്‍ തലൈവാസലിനു നല്കിയ ശബ്ദമാണ് റിസബാവയെ പുരസ്കാരത്തിലെത്തിച്ചത്. 'പ്രണയം' എന്ന സിനിമയില്‍ അനുപം ഖേറിനു ശബ്ദം പകര്‍ന്നതും മലയാളി മറക്കില്ല. ടി.വി. സീരിയലുകളിലും ആ ശബ്ദമെത്തിയതോടെ മലയാളിയുടെ സ്വീകരണ മുറികളിലും പരിചിതമായ സ്വരമായി അതു പെയ്തുകൊണ്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..