സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെ വിഷയത്തിൽ സഹപ്രവര്‍ത്തകരായ മംമ്തയും ശ്വേത മേനോനും മിയാ ജോര്‍ജും കൈക്കൊണ്ട നിലപാടുകളോട് യോജിപ്പില്ലെന്ന് നടി റിമ കല്ലിങ്കല്‍. നവംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് റിമ ഇക്കാര്യം തുറന്നു പറയുന്നത്.

നമ്മുടെ താരങ്ങളായ മംമ്തയും ശ്വേതയും മിയയും നമിതയും പറഞ്ഞത് അവര്‍ക്ക് മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല അതിനാല്‍ ഇത്തരം സംഘടനയുടെ ആവശ്യമില്ലെന്നാണ്. ഞാനും അത്തരം അനുഭവങ്ങളൊന്നും മുമ്പൊരിക്കലും നേരിട്ടിട്ടില്ല. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഞങ്ങള്‍ സംസാരിക്കുന്നത്-റിമ പറഞ്ഞു.

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈനെതിരായ ലൈംഗികാരോപണ കേസ് ഒരു മാതൃകയാണ്. പല കാലത്ത് പലയിടത്തിരുന്ന് പലരും ഒറ്റയ്ക്ക് പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ കൂട്ടായ ഒരൊറ്റ ശബ്ദമായി മാറി ആഞ്ഞടിക്കുന്നു. അതുപോലെ തന്നെയാണ് ഇവിടെയും നടന്നത്. നിശബ്ദതയാണ് പ്രശ്നം. ഒരുമിച്ചു പറഞ്ഞാല്‍ അതിന്റെ മൂല്യം വലുതാണ്.

വിമണ്‍ കളക്ടീവ് പോലുള്ള ഒരു സംഘടനയുടെ അനിവാര്യത ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയൊരു സംഘടന വേണമെന്ന കാര്യം ഞങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കിരുന്ന് പലപ്പോഴായി പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒരുമിച്ച് ചേര്‍ക്കണമെന്ന് തോന്നി. ഇന്ന് ആ ശബ്ദത്തിന് ശക്തി ഏറെയാണ്-റിമ പറഞ്ഞു.

അവള്‍ക്കൊപ്പം ആരുമുണ്ടാകില്ലെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപം മാത്രമേ ഉളളൂ. ജയിലിന് മുന്‍പില്‍ മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്യുന്നവരും വളരെ ചെറിയ മൈനോറിറ്റി മാത്രമേ ഉള്ളൂ. അതിന്റെ ആയിരം ഇരട്ടി നമുക്കൊപ്പമുണ്ട്. ഒരു പബ്ലിക് ഇവന്റിൽ പങ്കെടുത്താല്‍ അവരുടെ സപ്പോര്‍ട്ട് മനസ്സിലാക്കാന്‍ കഴിയും. പെണ്ണുങ്ങള്‍ മാത്രമല്ല, ആണുങ്ങളും ഞങ്ങള്‍ക്കൊപ്പമുണ്ട്. അവള്‍ക്കൊപ്പമുണ്ട്-റിമ പറഞ്ഞു.

(അഭിമുഖത്തിന്റെ പൂര്‍ണരൂപം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ വായിക്കാം)

Content Highlights: Rima Kallingal, Women in Cinema Collective, Star and Style, mamta mohandas, shwetha menon, miya george, malayalam movie, actress attacked, mee too