ടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിക്കുന്നു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. 

2014ലാണ് മാമാങ്കം ആരംഭിച്ചത്. കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറയുന്നു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും  സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും താരം വ്യക്തമാക്കി.

റിമ പങ്കുവച്ച കുറിപ്പ്

‘കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. ഇത് സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളുമുണ്ട്. ഊർജസ്വലമായ ഡാൻസ് ക്ലാസുകൾ, റിഹേഴ്സലുകൾ, സിനിമാ പ്രദർശനം, വർക്ക് ഷോപ്പുകൾ, പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ, സംവാദങ്ങളും ചർച്ചകളും, ഷൂട്ടിങ്ങുകൾ, എല്ലാം എല്ലായ്പ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലും പ്രതിധ്വനിക്കും.

ഈ ഇടത്തെ യാഥാർഥ്യമാക്കുന്നതിൽ എന്റെ കൂടെ നിന്ന ഒരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നന്ദി ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, പിന്തുണച്ച എല്ലാവർക്കും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും.’–റിമ കുറിച്ചു.

Content Highlights : Rima Kallingal to close down Mamangam dance Studio