ലോക സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് നടന്‍മാര്‍ക്കും നടിമാര്‍ക്കും നല്‍കുന്ന വേതനത്തെ സംബന്ധിച്ചുള്ള സംവാദങ്ങള്‍ക്ക്. സിനിമയില്‍ മാത്രമല്ല മിക്ക തൊഴില്‍ മേഖലകളിലും ഈ വ്യത്യാസം പ്രകടമാണ്. ഇതെക്കുറിച്ച് ഹോളിവുഡ് താരം എമ്മ സ്‌റ്റോണിന്റെ വാക്കുകള്‍ ഉദ്ധരിച്ച്  തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് റിമ.

ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളിലൊരാളിലൊരാളാണ് ഓസ്‌കാര്‍ പുരസ്‌കാര ജേത്രികൂടിയായ എമ്മ സ്‌റ്റോണ്‍. പുതിയ ചിത്രമായ 'ബാറ്റില്‍ ഓഫ് ദ സെക്‌സസി'ന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ വേതനം നല്‍കുന്നതിലെ അസമത്വത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് എമ്മ. 

തനിക്കൊപ്പം അഭിനയിച്ചിരുന്ന ചില സഹനടന്‍മാര്‍ അവര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം വെട്ടിക്കുറച്ച് തുല്യത ഉറപ്പുവരുത്തുമായിരുന്നുവെന്ന് എമ്മ വെളിപ്പെടുത്തുന്നു. ഈ അഭിമുഖത്തെ മുന്‍നിര്‍ത്തിയാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീയും പുരുഷനും എന്നതല്ല, എല്ലാവരും തുല്യരാണ്, അവകാശങ്ങളും തുല്യമാണ്. എല്ലാവരും ഒരു പോലെ ബഹുമാനം അര്‍ഹിക്കുന്നു- റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.