-
2019 ജൂണ്‍ ഏഴിനാണ് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് റിലീസായത്. കേരളത്തെ പിടിച്ചുകുലുക്കിയ നിപ വൈറസ് എന്ന രോഗത്തിന്റെ ഭീകരത പുറത്തുകാട്ടിയ ചിത്രം ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായിരുന്ന റിമ പ്രധാന കഥാപാത്രമായ നഴ്സ് അഖിലയായി സ്ക്രീനിലുമെത്തിയിരുന്നു. നിപ വൈറസ് രോഗികളെ ശുശ്രൂഷിച്ച് ഒടുവില്‍ വൈറസ് ബാധയേറ്റു മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് അഖിലയെന്ന നഴ്സിന്റെ കഥാപാത്രത്തെ ആഷിക് സൃഷ്ടിച്ചെടുത്തത്.
സിനിമയുടെ ഓര്‍മ്മകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. വൈറസിനൊരു രണ്ടാം ഭാഗത്തിന് സമയമായെന്ന് നടി മാളവിക മോഹനന് കമന്റ് ചെയ്തിരിക്കുന്നു.
കേരളം നിപ്പയെ അതിജീവിച്ച കഥ പറഞ്ഞ വൈറസ് താരസമ്പന്നമായാണ് തീയേറ്ററുകളിലെത്തിയത്. രോഗത്തെ കുറിച്ചറിയാനും അതിനെതിരേ പോരാടാനുമുള്ള ഒരു സമൂഹത്തിന്റെ മനസും ഒരുമയും അഭ്രപാളിയില്‍ ആവിഷ്കരിച്ച ചിത്രം വിവരസമ്പന്നവുമായിരുന്നു.
കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതും പിന്നെ കോഴിക്കോട് മലപ്പുറം ജില്ലകളിലേക്ക് പടര്‍ന്നതും അതുണ്ടാക്കിയ ഭീതിയുടെ നാളുകളും റീവൈന്‍ഡ് ചെയ്തെടുക്കുന്ന ഒരനുഭവവുമായിരുന്നു സിനിമ സമ്മാനിച്ചത്. ആരോഗ്യരംഗത്തേയും പൊതുജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഒരു മഹാമാരിയെ പിടിച്ചുകെട്ടുന്ന ഹീറോയിസമാണ് ചിത്രത്തിലെ ഹീറോയിസം.
ആരോഗ്യരംഗത്തെ രക്തസാക്ഷിയായ സിസ്റ്റര്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് രോഗീപരിചരണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഇറങ്ങിയ ഡോക്ടര്‍മാര്‍ ആശുപത്രി ജീവനക്കാര്‍, അങ്ങനെ തികച്ചും സ്വാഭാവികമായ കഥാപാത്രങ്ങളാണ് കടന്നുവരുന്നത്. സിനിമയ്ക്ക് വേണ്ടി ചില കഥാപാത്രങ്ങളെ മാത്രമാണ് സൃഷ്ടിച്ചത്. തികച്ചും സ്വാഭാവികമായ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തിന് അവലംബിച്ചിരിക്കുന്നത്.
റിമയ്ക്കൊപ്പം ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, സുധീഷ്, സൗബിന് ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്, ജോജു ജോര്‍ജ്, റഹ്മാന്, പാര്‍വതി, രേവതി, രമ്യാ നമ്പീശന് മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ മുഹ്സിന് പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ്. രാജീവ് രവിയും ഷൈജു ഖാലിദുമായിരുന്നു ഛായാഗ്രഹണം. ഒ.പി.എം പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മ്മാണം.
Content Highlights : rima kallingal instagram post remembering virus movie comments by malavika mohanan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..