മൂഹത്തിലെ മോശം പുരുഷന്‍മാരില്‍ നിന്നും നല്ലവരെ സംരക്ഷിക്കണമെന്നും നാം അവര്‍ക്കൊപ്പം നില്‍ക്കണമെന്നും ആഹ്വാനം ചെയ്ത് നടി റിമ കല്ലിങ്കല്‍. നല്ലവനൊപ്പം എന്ന ഹാഷ് ടാഗോടെ റിമ എഴുതിയ കുറിപ്പിലാണ് താരങ്ങളുടെ ആരാധകരെ വിമര്‍ശിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ഉദ്ധരിച്ചാണ് റിമയുടെ നിലപാട്. 

റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഫെബ്രുവരി 17 ന് ക്രൂരമായി ആക്രമിക്കപ്പെട്ട എന്റെ സുഹൃത്ത്, അന്ന് മുതല്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവള്‍ എനിക്ക് അയച്ചു തന്ന ഒരു ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ടാണിത്. 

എനിക്ക് അവളോട് പറയേണ്ട ഉത്തരവാദിത്തമുണ്ട്. അതായത് സമൂഹത്തിലെ എല്ലാ പുരുഷന്‍മാരും ഈ നാണക്കേടിന് ഉത്തരവാദികളെല്ലെന്നും എതാനും ചിലര്‍ മാത്രമാണ് ഇതിന് കാരണമെന്നും യഥാര്‍ത്ഥ പുരുഷന്‍മാര്‍ക്കൊപ്പം നാം നിലയുറപ്പിക്കണമെന്നും ഞാന്‍ കരുതുന്നു. നാം അവരെ സംരക്ഷിക്കേണ്ട സമയമാണിത്. 

പുലിമുരുകന്‍ എന്ന ചിത്രം അവലോകനം ചെയ്തതിന് ഒരു സ്ത്രീയ്ക്ക് മേല്‍ മോശം വാക്കുകള്‍ ചൊരിഞ്ഞ് മോഹന്‍ലാലിന് നാണക്കേടുണ്ടാക്കിയവരില്‍ നിന്ന് നമ്മുടെ യഥാര്‍ത്ഥ പുരുഷന്‍മാരെ സംരക്ഷിക്കേണ്ട സമയമായി.

ലിച്ചിയെ ലൈവായി കരയാന്‍ പ്രേരിപ്പിച്ച് മമ്മൂട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയവരില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്‍മാരെ സംരക്ഷിക്കേണ്ട സമയമായി.

ദിലീപ് തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇനിയും അദ്ദേഹത്തിന് കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്നും കരുതുന്നവരില്‍ നിന്ന് നമ്മുടെ യഥാര്‍ഥ പുരുഷന്‍മാരെ സംരക്ഷിക്കുക. ഇത്തരത്തിലുള്ള വീരവാദ പ്രകടനങ്ങളില്‍ നിന്ന് നമ്മുടെ യഥാര്‍ഥ പുരുഷന്മാരെയും ഒരു യുവ തലമുറയെയും സംരക്ഷിക്കുക. 

ഒരു സമൂഹമെന്ന നിലയില്‍ എന്റെ സുഹൃത്തിനോടും ലോകത്തോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തവരും ഏതാനും വ്യാജ പ്രൊഫൈലില്‍ നിന്ന് കോപ്പി പേസ്റ്റ് വാചകങ്ങള്‍ മെനയുന്ന ഭീരുക്കളും യഥാര്‍ത്ഥ പുരുഷന്‍മാരുടെ ഭാഗമല്ല. 

rima kallingal

ഇവരൊന്നും നമ്മള്‍ സ്‌നേഹിതരായിരിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരല്ല. നാം പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന, നമ്മുടെ ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന, ഒരുമിച്ച് ഡ്രിങ്ക് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന പുരുഷന്‍മാരല്ല- റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.