-
ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തിൽ അന്വേഷണം നേരിടുന്നതിനോടൊപ്പം സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധവും നേരിടുകയാണ് നടി റിയ ചക്രവർത്തി. ഈ അവസരത്തിൽ ആദ്യമായി ഒരു ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയിരിക്കുകയാണ് താരം. സുശാന്തുമായുള്ള പ്രണയവും സംവിധായകൻ മഹേഷ് ഭട്ടുമായുള്ള ബന്ധവും ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും വരെ റിയ അഭിമുഖത്തിൽ തുറന്ന് സംസാരിച്ചു.
"ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും നല്ലവനായ മനുഷ്യൻ. ഇന്നും അവന്റെ മരണം എനിക്ക് വിശ്വസിക്കാനായിട്ടില്ല. ആരും കൊതിക്കുന്ന കാമുനായിരുന്നു അവൻ. എന്നെ നന്നായി നോക്കി, ഉപദോശിച്ചു. ഞാനവനെ ഓർത്ത് അഭിമാനിച്ചിരുന്നു. ഒരു മായാജാലക്കഥ പോലെയായിരുന്നു ഞങ്ങളുടെ പ്രണയവും അതേ ഞങ്ങൾക്കിടയിലും പ്രശ്നങ്ങളുണ്ടായിരുന്നു.
2020 മേയ് പകുതി വരെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സിനിമ വിടാൻ സുശാന്തിന് പ്ലാൻ ഉണ്ടായിരുന്നു. മുംബൈയിലെ തിരക്കേറിയ ജീവിതമൊന്നും സുശാന്തിന് ഇഷ്ടമില്ലായിരുന്നു. അതിനിടെ ബൈപോളർ ഡിസോഡറിന്റെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങി. ലോക്ഡൗൺ വന്നതോടെ അത് ശക്തമായി. വിഷാദരോഗത്തെ ആളുകൾ വളരെ തെറ്റായാണ് മനസിലാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ അവസ്ഥയിലൂടെ കടന്ന് പോകുന്ന വ്യക്തിക്ക് പലപ്പോഴും ആളുകൾ തന്നെ തെറ്റിദ്ധരിക്കുന്നതായി തോന്നും. സുശാന്തിന്റെ കാര്യത്തിൽ, എനിക്കിപ്പോഴും മനസിലാവുന്നില്ല അവൻ ഇത് എന്തിന് ചെയ്തു എന്ന്. ലോക്ക്ഡൗണാണ് കാര്യങ്ങൾ വഷളാക്കിയത്. മറ്റുള്ളവർ കരുതുന്ന പോലെയല്ല വിഷാദരോഗം അനുഭവിക്കുന്നവർക്കും ചിരിക്കാൻ കഴിയും.
ബോളിവുഡ് കടുപ്പമേറിയ മേഖലയാണ്. ഇവിടുത്തെ പല കാര്യങ്ങളും അവനെ മാനസികമായി ബാധിച്ചിരുന്നു. അതിൽ ഒന്ന് അവനെതിരേ സഹതാരം സഞ്ജന സാങ്കിയുടെ മീടൂ ആരോപണമാണ്. അവൻ അങ്ങനെയുള്ള ആളല്ല, ഒരുപാട് ബഹുമാനമുള്ള വ്യക്തിയാണ്. സഞ്ജന ഇക്കാര്യത്തിൽ ഇതേ വരെ വ്യക്തത വരുത്തിയില്ല. ഇതിനെല്ലാം പുറകിൽ ആരോ ഉണ്ടെന്ന് അവൻ വിശ്വസിച്ചിരുന്നു. അവർ ആരെന്ന് എനിക്കറിയില്ല. സഞ്ജനയ്ക്ക് പുറകിലും ആരോ ഉണ്ടെന്ന് അവൻ വിശ്വസിച്ചു. സുശാന്തിന്റെ മരണശേഷം ഞാൻ നിശബ്ദയായിരുന്നു. സ്വപ്നത്തിൽ വന്ന് സുശാന്ത് എന്നോട് പറഞ്ഞു സത്യം തുറന്ന് പറയണമെന്നും ഞങ്ങളുടെ ബന്ധം ലോകത്തെ അറിയിക്കണമെന്നും-റിയ പറയുന്നു.
സംവിധായകൻ മഹേഷ് ഭട്ടുമായുള്ള ബന്ധത്തെ പറ്റിയും പുറത്തായ വാട്സാപ്പ് ചാറ്റിനെ പറ്റിയും റിയ മനസ് തുറന്നു. മഹേഷ് തനിക്ക് അച്ഛനെ പോലെയാണെന്നും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹം തന്നെ കാണുന്നതെന്നും റിയ പറയുന്നു. താനും സുശാന്തിനെ പോലെ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്നും അതേ സമയത്ത് തന്നെ തന്നോട് വീട് വിട്ട് പോകാൻ സുശാന്ത് ആവശ്യപ്പെട്ടത് മാനസികമായി ഏറെ തളർത്തിയെന്നും അന്നേ ദിവസം മഹേഷിന് അയച്ച സന്ദേശങ്ങളാണ് ചോർന്നതെന്നും പറയുന്നു റിയ.
"ഒടുവിൽ ഞാൻ വെളിച്ചത്തിലേക്ക് എത്തിയെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സുശാന്തിന് എന്തു പ്രശ്നമായിരുന്നോ അതേ പ്രശ്നത്തിലായിരുന്നു ഞാനും. എന്നിട്ടും എന്നോട് വീടു വിട്ടു പോകാൻ പറഞ്ഞു. അതാണ് എന്നെ ദുഃഖിപ്പിച്ചത്.
മഹേഷ് അച്ഛനെപ്പോലെയാണ്. എന്നെ ഒരു കുട്ടിയെപ്പോലെയാണു കാണുന്നത്. ഞാനെന്തു ചെയ്യുമെന്നു ചോദിച്ചു? സ്വന്തം പിതാവിനെപ്പറ്റി ആലോചിക്കൂ എന്നാണു പറഞ്ഞത്. തകരരുത്, അടുത്ത ഘട്ടമെന്നാൽ ഡിപ്രഷന് മരുന്ന് കഴിക്കലാണ്. അതു സംഭവിക്കരുതെന്നായിരുന്നു മഹേഷ് ഭട്ടിന്റെ ഉപദേശം. അതാണ് കാമുകനും കാമുകിയുമായുള്ള ചാറ്റായി പലരും ചിത്രീകരിച്ചത്".
Content Highlights : Rhea Chakraboty Interview Sushanth Singh rajput death Mahesh Bhatt Nepotism depression
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..