റിയ ചക്രബർത്തി എൻ.സി.ബി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ (Photo: Rhea chakraborty fc| Twitter
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്തതിന് പിന്നാലെ നടിക്ക് പിന്തുണയുമായി സിനിമാലോകം. എൻ.സി.ബി ഓഫീസിൽ ചോദ്യം ചെയ്യലിന് റിയ കഴിഞ്ഞ ദിവസം ഹാജരായപ്പോൾ ധരിച്ചിരുന്ന ടി ഷർട്ടിലെ വാക്യങ്ങളെ ഉദ്ധരിച്ച് വിദ്യ ബാലൻ, അനുരാഗ് കശ്യപ്, കരീന കപൂർ, സോനം കപൂർ സ്വര ഭാസ്കർ തുടങ്ങിയവരാണ് റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പുരുഷാധിപത്യത്തിനെതിരേയുള്ള സന്ദേശം ഉയർത്തുന്ന ഈ വാക്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുള്ള റിയയെ സിനിമാപ്രവർത്തകർ പിന്തുണയ്ക്കരുതെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകരുതെന്നും വിമർശകർ പറയുന്നു. അതേസമയം സത്യം തെളിയുന്നത് വരെ റിയയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും റിയയ്ക്ക് നീതി ലഭിക്കണമെന്നും മറ്റൊരു വിഭാഗം പറയുന്നു.
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയെ എൻ.സി.ബി അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നടി സമ്മതിച്ചിരുന്നെങ്കിലും താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നില്ല. സുശാന്തിന് വേണ്ടി സഹോദരൻ മുഖേന മയക്കുമരുന്ന് എത്തിച്ചുനൽകിയെന്നായിരുന്നു ആദ്യദിവസത്തെ മൊഴി. എന്നാൽ സഹോദരനൊപ്പം ചോദ്യംചെയ്തതോടെ റിയ എല്ലാം തുറന്നുപറയുകയായിരുന്നു.
കഞ്ചാവ് മാത്രമല്ല, അതിമാരക ലഹരിമരുന്നുകളും താൻ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽവെച്ചും പല പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിയ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നപ്പോൾ താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. പല ടി.വി. അഭിമുഖങ്ങളിലും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. പക്ഷേ, വാട്സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് എൻ.സി.ബി. റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നടത്തി. അതേ സമയം റിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റിയ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയാണ് മജിസ്ട്രേറ്റ് കോടതി സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
Content Highlights: After Rhea Chakraborty's arrest, Kareena Kapoor Khan, Vidya Balan, Anurag Kashyap and other Bollywood celebs share posts as they stand in solidarity to 'smash the patriarchy', Sushant Singh Rajput death case, drug arrest, NCB
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..