-
നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി നടി റിയ ചക്രവർത്തി. വീട്ടിലേക്ക് കയറി വരുന്ന തന്റെ അച്ഛനെ മാധ്യമങ്ങൾ വളയുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചാണ് തന്റെ കുടുംബത്തിന് മുംബൈ പോലീസ് സംരക്ഷണം നൽകണമെന്ന ആവശ്യവുമായി റിയ രംഗത്ത് വന്നിരിക്കുന്നത്.
"ഇതാണ് എന്റെ വീടിന്റെ കോമ്പൗണ്ടിലെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയാണ്. അദ്ദേഹം മുൻ ആർമി ഓഫിസർ കൂടിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി വിവിധ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ വീടുവിട്ട് പുറത്തുപോകാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്..
എന്റെ ജീവനും കുടുംബാംഗങ്ങൾക്കു നേരെയും ഭീഷണിയുണ്ട്. ഇക്കാര്യം പറഞ്ഞ് അടുത്തുള്ള ലോക്കൽ പൊലീസിലെത്തി പരാതി പറഞ്ഞു. ഒരു സഹായവും ഉണ്ടായില്ല. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജൻസികളെ ഇക്കാര്യം ധരിപ്പിച്ചു. അവരിൽ നിന്നും സഹായം ലഭിച്ചില്ല. ഈ കുടുംബം എങ്ങനെ ജീവിക്കും. സുരക്ഷ മാത്രമാണ് ആവശ്യപ്പെടുന്നത്. അതും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിന് വേണ്ടി. മുംബൈ പൊലീസ് , നിങ്ങൾ ദയവായി ഞങ്ങൾക്കു സംരക്ഷണം നൽകണം, എന്നാലേ കേസിൽ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ ഞങ്ങൾക്ക് കഴിയൂ.ഈ കോവിഡ് കാലത്ത് ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന നിയമപരിരക്ഷ ലഭിച്ചേ തീരൂ"-റിയ കുറിച്ചു.
ഇതിനിടെ റിയക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകൾ നൽകുന്ന താരത്തിന്റെ വാട്സാപ്പ് ചാറ്റുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു
കഞ്ചാവ്, എംഡിഎംഎ, തുടങ്ങിയ ലഹരി മരുന്നുകൾ റിയ ഉപയോഗിക്കുകയും സുശാന്തിന് നൽകുകയും ചെയ്തതായുള്ള വിവരങ്ങളാണ് വാട്സാപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
Content highlights :Rhea Chakraborty seeks help from mumbai police says her family faces death threats
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..