Photo | www.instagram.com|rhea_chakraborty|?hl=en
ലഹരി മരുന്നു കേസിൽ അറസ്റ്റിലായിരുന്ന നടി റിയ ചക്രബർത്തിക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ സെപ്റ്റംബർ എട്ടിനാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഏകദേശം ഒരുമാസം ആകുമ്പോഴാണ് റിയക്ക് ജാമ്യം ലഭിക്കുന്നത്.
ഇതിന് പിന്നാലെ ഇക്കഴിഞ്ഞ 28 ദിവസം റിയ ജയിലിൽ ചിലവിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ റിയയെ ബംഗാൾ കടുവയെന്ന് വിശേഷിപ്പിച്ച സതീഷ് തകർന്നു പോയ തന്റെ പ്രതിഛായ തിരിച്ചു പിടിക്കാൻ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
"ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഞാനെന്റെ ഒരു കക്ഷിയെ കാണാനായി ജയിലിൽ പോകുന്നത്. കാരണം റിയ വല്ലാതെ ഉപദ്രവിക്കപ്പെട്ടിരുന്നു. അവർ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് എനിക്ക് അറിയണമായിരുന്നു. എന്നാൽ അവർ മാനസികമായി നല്ല നിലയിലാണെന്ന് എനിക്ക് കാണാനായി. ജയിലിൽ അവർ സ്വയം പരിപാലിച്ചു. അവർക്കും ജയിലിലെ മറ്റ് അന്തേവാസികൾക്കുമായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.
കോവിഡ് വ്യാപനവും മറ്റും കാരണം വീട്ടിൽ നിന്ന് ഭക്ഷണം ലഭിക്കാനുള്ള അവസരം റിയയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ ജയിൽ ജീവിതവുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു. മറ്റ് അന്തേവാസികൾക്കൊപ്പം സാധാരണക്കാരിയായി കഴിഞ്ഞു. പട്ടാള കുടുംബത്തിലെ ഒരു പെൺകുട്ടി എന്ന നിലയ്ക്ക് ആ അവസ്ഥകളെ യുദ്ധമെന്നോണം അവർ നേരിട്ടു. തന്നെ കുറ്റപ്പെടുത്തുന്ന തന്റെ താൽപ്പര്യങ്ങളെ ഹനിക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയെയും നേരിടാൻ അവർ ഇന്ന് തയ്യാറാണ്
ആ കുടുംബം (സുശാന്ത് സിങ്ങിന്റെ കുടുംബം) അവൾക്ക് പിന്നാലെ വന്നതാണ് അവൾ വേട്ടയാടപ്പെടാനുള്ള കാരണം. എന്താണ് കാരണം എന്നറിയില്ല റിയയോട് അവർ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. സിബിഐ,എൻസിബി, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അവരെ വേട്ടയാടുന്നത് അവർ വീട്ടമ്മയോ ആ മാന്യ വ്യക്തിയുടെ ലിവ് ഇൻ പങ്കാളി ആയതുകൊണ്ടോ ആണ് എന്നാണ് ഞാൻ പറയുന്നത്"- സതീഷ് വ്യക്തമാക്കുന്നു.
ഉപാധികളോടെയാണ് ബോബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പുറത്തിറങ്ങിയ ശേഷം പത്തുദിവസം തുടർച്ചയായി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും കോടതി റിയയോട് നിർദേശിച്ചിട്ടുണ്ട്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും പറഞ്ഞിട്ടുണ്ട്.
സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവനക്കാരായിരുന്ന ദീപേഷ് സാവന്തിനും സാമുവൽ മിറാൻഡയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരൻ ഷോവിക്കിന് ജാമ്യം നിഷേധിച്ചു.
Content Highlights : Rhea Chakraborty’s lawyer reveals how she spent days in jail, drug case, bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..