-
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തു കൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള റിയയുടെ ട്വീററ്.
“ബഹുമാന്യനായ അമിത്ഷാ സാർ, ഞാൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തി. അദ്ദേഹത്തിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. എനിക്ക് സർക്കാരിൽ പൂർണ വിശ്വാസമുണ്ട്, നീതി നടപ്പിലാക്കപ്പെടണമെന്ന ആഗ്രഹത്താൽ ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആരംഭിക്കാൻ ഞാൻ കൈകൂപ്പി അഭ്യർത്ഥിക്കുകയാണ്. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ സുശാന്തിനെ പ്രേരിപ്പിച്ച സമ്മർദ്ദം എന്താണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു,” റിയയുടെ ട്വീറ്റിൽ പറയുന്നു.
എന്നാൽ റിയയുടെ ആവശ്യത്തിൽ പ്രതിഷേധവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.റിയയുടെ പ്രവർത്തി വെറും നാടകമാണെന്നും സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും ആരോപണമുയരുന്നു.
സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടയിൽ റിയയ്ക്കെതിരെ ഭീഷണി സന്ദേശവുമായി ചിലർ രംഗത്ത് വന്നിരുന്നു. റിയ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയും എന്നാണ് സന്ദേശം. സന്ദേശമയച്ചയാൾക്കെതിരെ നടപടിക്കായി സൈബർ ക്രൈം പോലീസിന്റെ സഹായം തേടിയിരുന്നു റിയ.
Content highlights : Rhea Chakraborty Requests Amit Shah forCBI Investigation On Sushanth Singh Rajputs Death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..