രാകുൽ പ്രീത്, സാറ അലി ഖാൻ | Photo: Mathrubhumi
ബോളിവുഡിലെ യുവനടിമാരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തൽ. നടിമാരായ സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്ങ്, സിമോൺ കമ്പട്ട എന്നിവർക്കെതിരേയാണ് റിയയുടെ മൊഴി. മൂവരും ചേർന്ന് തനിക്കും സുശാന്തിനുമൊപ്പ ലഹരി ഉപയോഗിച്ചതായി റിയ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇവരുൾപ്പടെ ഏതാണ്ട് ഇരുപത്തിയഞ്ചിലധികം ബോളിവുഡ് സെലിബ്രിറ്റികളുടെ പേര് റിയ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.സുശാന്ത് അവസാനമായി വേഷമിട്ട ദിൽ ബേച്ചാരയുടെ സംവിധായകൻ മുകേഷ് ഛബ്രയുടെ പേരും ഇക്കൂട്ടത്തിലുണ്ട്.
റിയ ചക്രവർത്തി, സഹോദരൻ ഷൗവിക്ക് എന്നിവരുടെ മൊഴിയനുസരിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ പട്ടിക തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന താരങ്ങളാണിവർ. വൈകാതെ തന്നെ 25 പേരെയും എൻ.സി.ബി. ചോദ്യംചെയ്യലിനായി വിളിപ്പിക്കും.
ഇതിൽ സാറ അലി ഖാൻ കേദാർനാഥ് എന്ന ചിത്രത്തിലൂടെ സുശാന്തിന്റെ നായികയായാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഇരുവരും പ്രണയത്തിലായെന്നും പിന്നീട് വേർപിരിഞ്ഞുവെന്നും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
2016 ൽ കേദാർനാഥിന്റെ ചിത്രീകരണം നടക്കുന്ന വേളയിലാണ് സുശാന്ത് ലഹരിക്ക് അടിമയാകുന്നതെന്നും റിയ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ബോളിവുഡിലെ എൺപത് ശതമാനം താരങ്ങളും ലഹരി ഉപയോഗിക്കുന്നതായും റിയ മജിസ്ട്രേറ്റിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം അറസ്റ്റിലായ റിയയ്ക്ക് ജാമ്യം ലഭിച്ചില്ല. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട മുംബൈയിലെ പ്രത്യേക കോടതിയാണ് റിയക്കും സഹോദരനുമടക്കമുള്ള മറ്റു എട്ട് പേർക്കും ജാമ്യം നിഷേധിച്ചത്.
മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റംചുമത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) ആണ് റിയയേയും സഹോദരൻ ഷൗവിക്ക് ചക്രവർത്തിയടക്കമുള്ളവരേയും അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയ നിലവിൽ ബൈക്കുല്ല ജില്ലാ ജയിലിലാണുള്ളത്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകൻ അറിയിച്ചു.
Content Highlights :Rhea Chakraborty names Sara Ali Khan Rakul Preet Singh Mukesh Chhabra in drug case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..