സുശാന്തിന്റ മൃതദേഹം നോക്കി താൻ 'സോറി ബാബു' എന്നു പറഞ്ഞു കരഞ്ഞുവെന്ന് നടി റിയ ചക്രബർത്തി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റിയ മനസ്സു തുറന്നത്.

മൃതദേഹത്തിനരികിൽ നിന്ന് റിയ ക്ഷമാപണം നടത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അത്തരം ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു റിയ.

'ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ മറ്റെന്തു പറയണം? നിന്റെ ജീവൻ നഷ്ടപ്പെട്ടതിൽ എനിക്കു ദു:ഖമുണ്ടെന്നോ? നിന്റെ മരണം ഒരു തമാശയായിക്കൊണ്ടിരിക്കുകയാണെന്നോ? നീ അഭിനയിച്ച നല്ല സിനിമകളെക്കുറിച്ചോ നിന്റെ ബൗദ്ധിക നിലവാരത്തെക്കുറിച്ചോ നീ ചെയ്ത സന്നദ്ധ പ്രവർത്തനങ്ങളെക്കുറിച്ചോ അല്ലെന്നോ? എല്ലാം മാറിമറഞ്ഞുകിടക്കുകയാണ്. വേറെന്തു പറയണമായിരുന്നു ഞാൻ?' റിയ ചോദിച്ചു.

സുശാന്ത് സിങിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ തയ്യാറായിരുന്നുവെന്നും എന്നാൽ നടന്റെ കുടുംബം ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും തന്നെ അകറ്റി നിർത്തിയിരുന്നുവെന്നും നടി പറഞ്ഞു.

'ജൂൺ 14ന് ഉച്ചക്ക് രണ്ടുമണിയോടുകൂടിയാണ് മരണവാർത്ത അറിഞ്ഞത്. സഹോദരനൊപ്പം മുറിയിലായിരുന്ന എന്നെ ഒരു സുഹൃത്ത് വിളിക്കുകയായിരുന്നു. സുശാന്ത് മരിച്ചെന്ന് അഭ്യൂഹങ്ങൾ കേൾക്കുന്നുവെന്നാണ് പറഞ്ഞത്. ഊഹാപോഹങ്ങൾ നിർത്തൂവെന്നും സുശാന്തിനെ വിളിച്ച് നോക്കിയിട്ട് മതിയെന്നും ഞാൻ പറഞ്ഞു. 10-15 മിനിട്ടുകൾക്കുള്ളിൽ സുശാന്ത് മരിച്ചെന്ന് ഔദ്യോഗികമായി ഉറപ്പിച്ചു.'

മരണവാർത്ത വല്ലാതെ തളർത്തുകയും അത്ഭുതപ്പെടുത്തുകയുമാണുണ്ടായതെന്നും റിയ പറഞ്ഞു. 'അതെങ്ങനെ സംഭവിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മരണാനന്തരചടങ്ങുകളിൽ പങ്കു കൊള്ളണമെന്നുണ്ടായിരുന്നു. എന്നാൽ സുശാന്തിന്റെ കുടുംബം എന്നെ ഒഴിവാക്കിയിരുന്നുവെന്ന് പിന്നീടറിഞ്ഞു.

സുശാന്തിന്റെ മൃതദേഹത്തിനരികിൽ 3-4 സെക്കന്റുകൾ മാത്രമേയുണ്ടായുള്ളൂവെന്നും കാലിൽ തൊട്ട് വന്ദിച്ചുവെന്നും റിയ പറഞ്ഞു.

Content Highlights :rhea chakraborty about sushant singh death said sorry babu india today