ഭാമ, രേവതി സമ്പത്ത് | Photo: facebook.com|BhamaaActressOfficial|?ref=page_internal, facebook.com|revathy.sampath.16
നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖ്, ഭാമ എന്നിവർ കൂറുമാറിയതിൽ പ്രതികരണവുമായി നടി രേവതി സമ്പത്ത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ ! രേവതി കുറിക്കുന്നു
രേവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ' എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്
ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.
സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ !
അവൾക്കൊപ്പം
2019 ൽ നടൻ സിദ്ധിഖിനെതിരേ മീടൂ ആരോപണവുമായി രേവതി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടുവെന്നുമാണ് രേവതി അന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഡബ്ല്യു.സി.സിയ്ക്കെതിരേ, കെ.പി.എ.സി. ലളിതയ്ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് രേവതി കുറിപ്പ് എഴുതിയത്.. ഈ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കാണുമ്പോൾ സിദ്ദിഖിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കി
രേവതി 2019 ൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്
'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.
സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവൾ സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യൻമാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു- രേവതി കുറിച്ചു.
Content Highlights : Revathy Sampath Against Bhamaa Siddique Bindu Panicker Idavela Babu recanting testimony actress molestation case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..