കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ കുറിച്ച് ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്ന് നടിയും സംവിധായികയും സംഘടനയിലെ മുതിര്‍ന്ന അംഗവുമായ രേവതി. ആരോപണങ്ങളോട് പ്രതികരിക്കുന്നതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളും തങ്ങള്‍ക്ക് ചെയ്യാനുണ്ടെന്നും മാതൃഭൂമി ഡോട്ട് കോമിനോട് അവര്‍ പറഞ്ഞു. 

'വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ ആവശ്യകത മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ആളുകള്‍ സമൂഹത്തിലുണ്ട്. ഇത്തരം പരാമര്‍ശങ്ങളുടെ പൊള്ളത്തരം അവര്‍ക്കറിയാം. എപ്പോഴും ഡബ്ല്യൂസിസി അംഗങ്ങള്‍ ഇതിനെതിരേ വാദിക്കേണ്ട ആവശ്യമില്ല. സമൂഹം തന്നെ അവയെ ചെറുക്കുന്നുണ്ട്' 

ഡബ്ല്യൂസിസിക്ക് ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളോട് പോരാടി നില്‍ക്കാനാവില്ല. ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല ഡബ്ല്യൂസിസി ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്. ഇനി വരുന്ന ഞങ്ങളുടെ തലമുറയ്ക്ക് ഇവിടെ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കാനാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വീക്ഷണങ്ങളുണ്ട്. അതിനായി പരിശ്രമിക്കുകയാണ് ഞങ്ങള്‍-രേവതി വ്യക്തമാക്കി.

നേരത്തേ, ആദരിക്കപ്പെടുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഖേദകരമാണെന്നും അത് അടുത്ത തലമുറയെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ടതല്ലേ എന്നും രേവതി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ശ്രീനിവാസന്റെ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാനില്ലെന്ന് വ്യക്തമാക്കി രേവതി രംഗത്തെത്തിയത്.

ഡബ്ല്യൂസിസിയുടെ ആവശ്യകത എന്താണെന്നോ അവര്‍ ചെയ്യുന്നത് എന്താണെന്നോ തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരേ ചൂഷണം നടക്കുന്നുണ്ടെന്ന് കരുതുന്നില്ല. ആരും സ്വയം തയ്യാറാകാതെ ഒന്നും സംഭവിക്കില്ല. പ്രതിഫലത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. സ്റ്റാര്‍​വാല്യൂ അനുസരിച്ചാണ് പ്രതിഫലം ലഭിക്കുക. നയന്‍യതാരയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നടന്‍മാര്‍ക്ക് ലഭിക്കുന്നുണ്ട് -ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കുകയായിരുന്നെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ഇത്തരമൊരു കാര്യത്തിനായി ഒന്നര കോടി പോയിട്ട് ഒന്നര പൈസ പോലും ചെലവാക്കുന്ന ആളല്ല ദിലീപെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Content Highlights : Revathy against actor Sreenivasan remark on actress molestation case dileep Revathy On wcc