നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസന്റെ പ്രസ്താവനക്കെതിരേ നടി രേവതി. ശ്രീനിവാസനേപ്പോലുള്ളവര്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് രേവതി അഭിപ്രായപ്പെട്ടു. 

മികച്ച സൃഷ്ടികളിലൂടെ നമ്മുടെ ആദരം നേടിയവര്‍ ഇങ്ങനെ സംസാരിക്കുന്നത് ദുഖകരമാണ്. പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേ. അവരുടെ പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ആലോചിക്കണം- രേവതി ട്വീറ്റ് ചെയ്തു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പരാമര്‍ശം. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. താനറിയുന്ന ദിലീപ് ഇത്തരത്തിലുള്ള ഒരു കാര്യത്തിന് ഒന്നര കോടിയല്ല ഒന്നര പൈസ പോലും ചെലവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെയും ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഡബ്ല്യൂ.സി.സി യുടെ ആവശ്യകത എന്താണെന്നും അവര്‍ ചെയ്യുന്നത് എന്താണെന്നും തനിക്ക് മനസ്സിലാകുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Content Highlights: revathy against actor sreenivasan remark on actress molestation case, dileep involvement, wcc