കൊച്ചി: എഎംഎംഎയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ സത്യവും നീതിയും തങ്ങളുടെ ഭാഗത്താണെന്ന്  ഡബ്ല്യുസിസി അംഗം രേവതി. പത്രസമ്മേളനം നടത്തി എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രേവതി പറഞ്ഞു. അതേസമയം, ദിലീപ് രാജിക്കത്ത് നല്‍കിയതറിഞ്ഞ ശേഷമാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന ആരോപണം രേവതി നിഷേധിച്ചു. എഎംഎംഎ എക്‌സിക്യൂട്ടീവിന്റെ കത്ത് ലഭിച്ചപ്പോഴാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതിനുശേഷമാണ് ദിലീപ് രാജിക്കത്ത് നല്‍കിയെന്ന അഭ്യൂഹം പോലുമറിയുന്നതെന്നും അവര്‍ വ്യക്തമാക്കി.

revathy

ദിലീപിനെ പുറത്താക്കണമെന്നാണ് ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ ഉന്നയിച്ച ആവശ്യമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ ദിലീപിനെ അറിയിച്ചെന്നും അപ്പോള്‍ ദിലീപ് സ്വമേധയാ ഒക്ടോബര്‍ പത്തിന് രാജിക്കത്ത് നല്‍കുകയായിരുന്നെന്നും തിങ്കളാഴ്ച സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതറിഞ്ഞാണോ ഡബ്ല്യുസിസി പെട്ടെന്ന് വാര്‍ത്താസമ്മേളനം നടത്തിയത് എന്ന് സംശയമുണ്ടെന്നായിരുന്നു സിദ്ധിഖിന്റെ ആരോപണം. എന്നാല്‍, ദിലീപ് വിഷയത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമറിയിച്ചുകൊണ്ടുള്ള കത്ത് ഒക്ടോബര്‍ 11നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അതേത്തുടര്‍ന്നായിരുന്നു ഡബ്ല്യുസിസി വാര്‍ത്താസമ്മേളനമെന്നുമാണ് രേവതി ചൂണ്ടിക്കാണിക്കുന്നത്.

revathy

ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ മറുപടിയില്ലാത്തതിനാലാണ് അവര്‍ മറ്റു കാര്യങ്ങള്‍ പറയുന്നതെന്നും രേവതി കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അവര്‍ക്ക് മറുപടിയില്ല. അതിനാലാണ് മറ്റു കാര്യങ്ങള്‍ പറയുന്നത്. ഞങ്ങള്‍ പറയുന്നതാണ് സത്യം. നിയമപരമായും നൈതികമായും ധാര്‍മികമായും ഞങ്ങള്‍ പറയുന്നതാണ് ശരി. അതുകൊണ്ടാണ് വിഷയത്തിലേക്ക് വരാതെ വളഞ്ഞുചുറ്റി സംസാരിക്കുന്നത്. സത്യത്തെ അഭിമുഖീകരിക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്' രേവതി പറഞ്ഞു.

അതേസമയം, തനിക്കെതിരേ നിശിത വിമര്‍ശനമുയര്‍ത്തിയ കെപിഎസി ലളിതയുടെ വാക്കുകളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. 'ചേച്ചിയെ കുറിച്ച് എനിക്കൊന്നും പറയാന്‍ പറ്റില്ല. എന്റെ ആദ്യത്തെ സിനിമ തൊട്ട് അറിയാവുന്ന ആളാണ്. ആ സിനിമയിലൊക്കെ എന്റെ അമ്മയെ പോലെ എന്നെ നോക്കിയിരുന്നു. ചേച്ചിയെ കുറിച്ച് ഒന്നും പറയാന്‍ എന്റെ മനസ്സ് അനുവദിക്കില്ല' എന്നായിരുന്നു കെപിഎസി ലളിതയുടെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് രേവതിയുടെ പ്രതികരിച്ചത്. 1983ല്‍ ഭരതന്‍ സംവിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തില്‍ കെപിഎസി ലളിതയുടെ അനന്തരവളായി വേഷമിട്ടുകൊണ്ടാണ് രേവതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍, ഭരത് ഗോപി, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

'എന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ഒരു പടത്തില്‍ ആദ്യം അഭിനയിച്ച കുട്ടിക്ക് അഭിനയിക്കാന്‍ പറ്റാത്തത് കാരണം ആ വേഷത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹാന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞത്. സിനിമ എന്ന് പറഞ്ഞാല്‍ കിട്ടുന്ന വേഷത്തില്‍ സംതൃപ്തയാകണം. എല്ലാവര്‍ക്കും എന്നും അവസരം ലഭിക്കണമെന്നില്ല' എന്നായിരുന്നു സിദ്ധിഖിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  കെപിഎസി ലളിത പറഞ്ഞത്. മോഹന്‍ലാലിനെതിരേ ആരോപണമുന്നയിച്ചത് ശരിയല്ലെന്നും പുറത്തുപോയവര്‍ മാപ്പു പറഞ്ഞ് തിരികെ വരണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനയില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞ് ആളുകളെ കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

അതേസമയം, ഇന്‍ഡസ്ട്രിയ്ക്ക് അകത്തുതന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്നും അത് ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും രേവതി പറഞ്ഞു. തങ്ങള്‍ എത്ര ചര്‍ച്ചകള്‍ക്ക് വേണമെങ്കിലും തയ്യാറായിരുന്നെന്നും എന്നാല്‍, ഓഗസ്റ്റ് ഏഴിന് നടന്ന എക്‌സിക്യൂട്ടീവുമായുള്ള ചര്‍ച്ചയില്‍ ഉണ്ടായ വിശ്വാസമെല്ലാം ഈ മാസമാദ്യം എഎംഎംഎ നടത്തിയ പ്രഖ്യാപനത്തോടെ തകര്‍ന്നതാണ് പരസ്യമായി കാര്യങ്ങള്‍ പറയാന്‍ കാരണമായതെന്നും രേവതി വ്യക്തമാക്കി.

'എഎംഎംഎ എക്‌സിക്യൂട്ടീവുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. നിയമപരമായും അല്ലാതെയും നല്‍കാവുന്ന കാര്യങ്ങളെല്ലാം നല്‍കിയതാണ്. ഇനിയും എത്ര ചര്‍ച്ചയ്ക്ക് വേണമെങ്കിലും ഞങ്ങള്‍ തയ്യാറുമായിരുന്നു. അത്തരമൊരു ധാരണയിലാണ് ഓഗസ്റ്റ് ഏഴിന് എക്‌സിക്യൂട്ടീവുമായി നടന്ന ചര്‍ച്ചയില്‍ പിരിഞ്ഞത്. അന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് ഞങ്ങള്‍ പൂര്‍ണമായും വിശ്വസിച്ചു. എന്നാല്‍, പത്തു ദിവസത്തിനകം സംയുക്ത പ്രസ്താവന നടത്താമെന്ന് പറഞ്ഞവര്‍ പിന്നീട് എക്‌സിക്യൂട്ടീവ് കൂടി ഞങ്ങള്‍ പറഞ്ഞതൊന്നും പരിഗണിക്കാതെ മാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുകയായിരുന്നു. അത് ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു.

എക്‌സിക്യൂട്ടീവ് കൂടിയതോ തീരുമാനമെടുത്തതോ ഒന്നും ഞങ്ങളറിഞ്ഞില്ല. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളൊന്നും പരിഗണിച്ചതുമില്ല. എക്‌സിക്യൂട്ടീവ് നടന്ന ശേഷം തീരുമാനങ്ങള്‍ ഒന്നു വിളിച്ചു പറയുകയെങ്കിലും ചെയ്യാമായിരുന്നു. അങ്ങനെയെങ്കില്‍ നമുക്കും എന്തെങ്കിലും നിര്‍ദേശം വെക്കാനുള്ള സ്‌പേസുണ്ടാകുമായിരുന്നു. എന്നാല്‍, അതൊന്നുമുണ്ടായില്ല. ഒടുവില്‍ നീതികിട്ടാന്‍ പബ്ലിക് ആയി പറയുകയല്ലാതെ മറ്റു വഴികളില്ലെന്ന് വന്നപ്പോഴാണ് ഞങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയത്'-രേവതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: Revathy about WCC press meet dileep molestation case resign petition