ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ മലയാളത്തിൽ‌ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാമദാസിന്റെ റോളിലെത്തുന്നത് സുഹാസിനി മണിരത്‌നം ആയിരിക്കുമെന്നാണ് തെലുങ്ക് സിനിമാലോകത്തെ അഭ്യൂഹങ്ങള്‍. ചിരഞ്ജീവി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സാഹോയുടെ സംവിധായകന്‍ സുജീത് ആണ് സംവിധാനം ചെയ്യുന്നത്. കോനിഡെലാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ചിത്രം നിര്‍മ്മിക്കും. 

ലൂസിഫറിന്റെ തെലുങ്ക് റീമേക്കുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സുഹാസിനിയെ കാണാന്‍ ചെന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിനായാണ് സുഹാസിനിയെ സമീപിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. 

ചിരഞ്ജീവിയുടെ സഹോദരികഥാപാത്രമാണിത്‌. നേരത്തെ വിജയശാന്തിയെ ഈ റോളിനുവേണ്ടി സമീപിച്ചിരുന്നുവെന്നും എന്നാല്‍ താരം പിന്‍മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വ്യാപ്തി കെട്ടടങ്ങിയതിനുശേഷം ഷൂട്ട് ആരംഭിക്കാനാണ് തീരുമാനം എന്നും സൂചനയുണ്ട്.

തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവി ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക. ചിരഞ്ജീവി പൃഥ്വിരാജില്‍ നിന്ന് സിനിമയുടെ പകര്‍പ്പാവകാശം വാങ്ങിയിരുന്നു.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്ന ലൂസിഫര്‍ ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രമായിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രമെന്ന ഖ്യാതിയും ലൂസിഫറിനാണ്.  ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlights : reports say that suhasini manirathnam to join lucifer telugu remake chiranjeevi