പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു


കെ.എസ്. സേതുമാധവൻ | ഫോട്ടോ: വി. രമേശ്, മാതൃഭൂമി

ചെന്നൈ: സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച വിഖ്യാത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. കാമ്പുകള്‍ കഥകള്‍ കണ്ടെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയ ഭാവുകത്വത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

1931-ല്‍ സുബ്രഹ്‌മണ്യന്‍-ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദമെടുത്ത സേതുമാധവന്‍ കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എല്‍.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദര്‍ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1960-ല്‍ വീരവിജയ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധാകനാകുന്നത്. ആദ്യ മലയാള ചിത്രം മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച ജ്ഞാനസുന്ദരിയാണ്.

1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്‌.

Read More: 'നാളെ നിങ്ങള്‍ എപ്പോഴാണ് വരിക?' താരരാജാവായ എം.ജി.ആറിനെ വരച്ച വരയില്‍ നിര്‍ത്തിയ സംവിധായകന്‍

ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമല്‍ഹാസനെ നായകനായി അവതരിപ്പിച്ചതും സേതുമാധവനായിരുന്നു. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു.

സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനായിരുന്നു. ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനുമാണ്.

അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനല്‍കിനാവുകള്‍, ഓടയില്‍ നിന്ന്, സ്ഥാനാര്‍ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു.

ദാഹം, മറുപക്കം എന്നീ സിനിമകളുടെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു. ഇതില്‍ മറുപക്കത്തിന് തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മറുപക്കത്തിന് തിരക്കഥയ്ക്ക് പുറമെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അടക്കം മൂന്ന് ദേശീയ അവാര്‍ഡ് ലഭിച്ചു. ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴ് സിനിമയിലേക്ക് എത്തുന്നതും മറുപക്കത്തിലൂടെയാണ്‌.

മലയാള സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകളായ പല ഗാനങ്ങളും പിറന്നത് സേതുമാധവന്റെ സിനിമകളിലായിരുന്നു. വയലാര്‍-ദേവരാജന്‍ ടീം അണിയിച്ചൊരുക്കിയ മനോഹര ഗാനങ്ങള്‍ മൂളാത്ത മലയാളികളില്ല.

ചെറുപ്പത്തില്‍ അന്തര്‍മുഖനായിരുന്ന കുട്ടിയാണ് വളര്‍ന്നപ്പോള്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനായി മാറിയത്. ജീവിതത്തില്‍ ആരെയും നോവിക്കാതെ സത്യസന്ധമായി സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുന്നതാണ് യഥാര്‍ഥ സന്ന്യാസമെന്ന അമ്മയുടെ ഉപദേശം ശിരസ്സാവഹിച്ചു. സിനിമയിലെത്തിയിട്ടും ആ ആത്മവിശുദ്ധി അദ്ദേഹം പുലര്‍ത്തി. പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ക്ക് ഇടമില്ലാത്തവയായിരുന്നു സേതുമാധവന്റെ സെറ്റുകള്‍.

ഭാര്യ: വത്സല സേതുമാധവന്‍, മക്കള്‍: സന്തോഷ്, ഉമ

Content Highlights: K S sethumadhavan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented