പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങുന്ന ഗായിക റിമി ടോമിയെ കുറിച്ച് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. കഷ്ടപ്പെടുന്നവരെ മനസ്സറിഞ്ഞു സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നയാളാണ് റിമി. മറ്റാരും മനസിലാക്കിയില്ലെങ്കിലും ആ മനസ് എനിക്ക് അറിയാം. എല്ലാം ദൈവം കാണുന്നുണ്ടെന്നും രഞ്ജു രഞ്ജിമാർ കുറിച്ചു.
രഞ്ജു രഞ്ജിമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
‘എനിക്കറിയാവുന്ന റിമി ടോമി ഇതാണ്, മനസ്സറിഞ്ഞു മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്. ഇപ്പോൾ മാത്രമല്ല എത്ര എത്ര സഹായങ്ങൾ എത്രയൊ പേർക്ക് ചെയ്തിരിക്കുന്നു, വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങൾ ചെയ്തിരിക്കുന്നു. ആരൊക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്. ലവ് യു’.
ഡ്രമ്മറും സംഗീതസംവിധായകനുമായ ലിനുലാല്‍ കഴിഞ്ഞ ദിവസം റിമി ടോമിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് രഞ്ജു രഞ്ജിമാറിന്റെ പോസ്റ്റ്. ലോക്ഡൗൺ കാലത്ത് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന കലാകാരൻമാർക്ക് സഹായങ്ങൾ നൽകിയ ആളാണ് റിമി. ആ സഹായങ്ങൾ താനാണ് എല്ലാവർക്കും എത്തിച്ചു നൽകിയതെന്നും എന്നാൽ റിമിയുടെ പേര് വെളിപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചതായും ലിനു കുറിച്ചു.
ലിനുലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
‘നന്ദി. കൊറോണ എന്ന മഹാവ്യാധി മൂലം ലോകജനത മുഴുവൻ കഷ്ടത അനുഭവിക്കുന്ന ഈ സമയത്ത് മറ്റെല്ലാ മേഖലകളിൽ ഉള്ളവരെ പോലെ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗം ആണ് "കലാകാരന്മാർ". കലാകാരന്മാർക്കുള്ള സാമ്പത്തിക സഹായം അനുവദിച്ച സംസ്ഥാന ഗവൺമെന്റിന് നന്ദി പറയുന്നു. അതുപോലെ തന്നെ ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് കലാകാരന്മാർക്ക് നല്ലൊരു ധനസഹായം ചെയ്ത ആളാണ് റിമി ടോമി.
ഈ ധനസഹായം ഒരുപാട് പേർക്ക് ആശ്വാസം ആയിട്ടുണ്ട്. ഞാൻ ഇത് പറയാൻ കാരണം ഈ സഹായം ഞാൻ ആണ് എല്ലാവർക്കും എത്തിച്ചു കൊടുത്തത്. ആരോടും റിമിയുടെ പേരു പോലും പറയണ്ട എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ ഒരാൾ മനസറിഞ്ഞു ഒരു നന്മ ചെയ്യുന്നത് എല്ലാവരും അറിയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. സഹജീവികളെ സഹായിക്കാൻ എല്ലാവർക്കും ഇതൊരു പ്രചോദനം ആമിന്നിവട്ടെ എന്നു കരുതി’
Content Highlights : Renju renjimar about rimi tomy