നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്. ഇപ്പോള്‍ റഹ്മാനെ പരിചയപ്പെട്ട കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ചിത്ര. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര റഹ്മാനെക്കുറിച്ചുള്ള ഓർമ പങ്കുവച്ചത്.

''രാജാസാറിന്റെ ഏതേതോ എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ് സമയത്താണ് എ.ആര്‍ റഹ്മാനെ ആദ്യമായി കണ്ടുമുട്ടുന്നത്. റെക്കാഡിങ്ങിന് മുന്‍പ് രാജാ സര്‍ റിഹേഴ്സൽ  ചെയ്യും. ഓര്‍ക്കസ്ട്രയോടൊപ്പം തന്നെയാണ് റിഹേഴ്സല്‍ നടത്തുക. അപ്പോള്‍  ദിലീപ് കീബോര്‍ഡ് ചെയ്യൂ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അന്ന് ദിലീപ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. റെക്കാര്‍ഡിങ്ങ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ചെറിയ പയ്യന്‍ പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ട് കാറില്‍ കയറുന്നത് കണ്ടിരുന്നു. ഇത് ആരാണ്? എന്ത് ജോലി ചെയ്യുന്നു? എന്നൊക്കെ ചിന്തിച്ചിരുന്നു. അപ്പോഴാണ് അവിടെയുള്ളവര്‍ പറഞ്ഞത് ആര്‍.കെ ശേഖറിന്റെ മകനാണ്, കീബോര്‍ഡ് വായിക്കുകയാണെന്ന്. വളരെ ചെറിയൊരു കുട്ടിയായിരുന്നു അന്ന് റഹ്മാന്‍. ഇത്രയും ചെറിയ കുട്ടിയാണോ കീബോര്‍ഡ് വായിക്കുന്നത് എന്നോര്‍ത്ത് ഞാൻ അത്ഭുതപ്പെട്ടുപോയിരുന്നു. 

പിന്നീടാണ് ദിലീപ് എന്ന പേര് എ.ആര്‍ റഹ്മാന്‍ എന്നാക്കിയത്. പിന്നീട് ചില സംഗീത സംവിധായകര്‍ക്കൊപ്പം കീബോര്‍ഡ് വായിക്കുന്നത് കണ്ടിരുന്നു. പക്ഷേ, ഞാനും റഹ്മാനും അന്തര്‍മുഖരായിരുന്നു. അതു കൊണ്ടു തന്നെ അന്നൊന്നും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല. 

എന്നോട് വന്ന് സംസാരിക്കുന്നവരോട് മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. പിന്നീട് റോജയുടെ റെക്കോഡിങ്ങ് സമയത്താണ് റഹ്മാനെ കാണുന്നത്. ഇപ്പോഴും ഞങ്ങള്‍ അധികം സംസാരിക്കാറില്ല. ആവശ്യമുളള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളൂ. പക്ഷേ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരോരുത്തരോടും വളരെ ബഹുമാനത്തോടെയാണ് റഹ്മാന്‍ പെരുമാറുക. എന്റെ ഒരുപാട് ഹിറ്റുകള്‍ അദേഹത്തിന്റെ സംഗീതത്തില്‍ പിറന്നതാണ്-ചിത്ര പറഞ്ഞു.

ContentHighlights: KsChitraAndArRahman, ar rahman, r.k shekhar, dileep, ilayaraaja