ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
നല്ല സിനിമയെന്ന് പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ് 'രേഖ'. എന്നാല്‍ തിയേറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതല്‍ ആളുകളിലേക്ക് ചിത്രം എത്തുന്നതിന് തടസമായിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ നിസഹായവസ്ഥ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിന്‍സി അലോഷ്യസും. നടിയിപ്പോള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'ഞങ്ങളുടെ സിനിമ 'രേഖ'യ്ക്ക് വലിയ തിയേറ്ററുകളോ ഷോകളോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ മേലുള്ള വിശ്വാസം മാത്രമാണ്. വല്യ സ്റ്റാറുകള്‍ ഒന്നും ഇല്ലാത്തോണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങള്‍ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററില്‍ ഉള്ള ഷോസ് (1 ഷോ) അത് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു'- ഉണ്ണി ലാലു കുറിച്ചു.
'ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്', വിന്‍സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇരുവരുടേയും പോസ്റ്റിന് താഴെ നിരവധിയാളുകള്‍ പിന്തുണയുമായി എത്തുന്നുണ്ട്.
കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന 'രേഖ' യില്‍ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, പ്രതാപന്‍ കെ.എസ്., വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
സ്റ്റോണ്‍ ബെഞ്ചേഴ്‌സ് മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ് തന്നെയാണ് 'രേഖ'യും സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് 'രേഖ' തിയേറ്ററുകളില്‍ എത്തിച്ചത്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം.
ദി എസ്‌കേപ് മീഡിയം, മിലന്‍ വി. എസ്, നിഖില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. രോഹിത് വി.എസ്. വാര്യത്താണ് എഡിറ്റര്‍. കല്‍രാമന്‍, എസ്. സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്കപ്പ് -റോണി വെള്ളത്തൂവല്‍, ബി.ജി.എം.- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി.ആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വി.എഫ്.എക്‌സ്.- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.
Content Highlights: rekha movie actors unni lalu and vincy social media post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..