റിയൽ ജേണി സിനിമയുടെ ചിത്രീകരണവേളയിൽ നിന്ന്
പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുന്ന ഒരു മലയാള സിനിമയ്ക്ക് തുടക്കമാവുന്നു. നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ്.കെ.മാത്യുവാണ് ഈ നവീന സംരംഭത്തിന് തുടക്കമിടുന്നത്. 'റിയല്‍ ജേണി' എന്നാണ് ചിത്രത്തിന്റെ പേര്. ഓസ്ട്രേലിയയിലെ മലയാളി കലാപ്രവര്‍ത്തകരെ കൂടാതെ കേരളത്തിലുള്ള സിനിമാ പ്രവര്‍ത്തകരേയും ഓസ്ട്രലിയന്‍ ചലച്ചിത്ര താരങ്ങളേയും മറ്റ് രാജ്യങ്ങളിലെ സിനിമാ അഭിനേതാക്കളേയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടി ഓസ്ട്രേലിയയിലെ വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
കാങ്കരു വിഷന്‍ വേള്‍ഡ്, മദര്‍ വിഷന്‍ എന്നീ വിതരണ കമ്പനികളുടെ ഡയറക്ടര്‍ കൂടിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ് കെ.മാത്യു തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും രചനയും സംവിധാനവും. ചിത്രത്തിൽ കേരളത്തിലെ അഭിനേതാക്കളും ഓസ്ട്രേലിയന്‍ മലയാളി നടീനടന്മാരും ഓസ്ട്രേലിയന്‍ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അണിനിരക്കും. പൂര്‍ണമായും ഓസ്ട്രേലിയന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്.

പൂര്‍ണമായും ഓസ്ട്രേലിയയില്‍ ചിത്രീകരിക്കുകയും ഓസ്ട്രേലിയന്‍ ഫിലിം ചേംബറില്‍ റജിസ്റ്റര്‍ ചെയ്തും ഓസ്‌ട്രേലിയന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടും കൂടി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് മലയാള സിനിമകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയാണ് റിയല്‍ ജേണി എന്ന ചിത്രം.

ബ്രിസ്‌ബെയ്‌നിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ബാങ്ക് കാമ്പസില്‍ നടന്ന ചടങ്ങില്‍ 'റിയല്‍ ജേണി'യുടെ ചിത്രീകരണത്തിന്റെയും ചലച്ചിത്ര നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം ലോക ദേശീയ ഗാനാലാപന സഹോദരിമാരും ലോക റെക്കോര്‍ഡ് ജേതാക്കളുമായ ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ പീറ്റര്‍ വാട്ടര്‍മാന്‍ അനിമേഷന്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു. യുണൈറ്റഡ് നേഷന്‍ അസോസിയേഷന്‍ ഓസ്ട്രേലിയന്‍ പ്രസിഡന്റ് ക്ലെയര്‍ മോര്‍ ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കാലംവെയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എയ്ഞ്ചല്‍ ഓവന്‍ ആദ്യ ക്ലാപ് അടിച്ചു. ചലച്ചിത്ര സംവിധായകന്‍ ഗ്ലെന്‍, അഭിനേതാക്കളായ ടാസോ, അലന സിറ്റ്‌സി, ഡോ.ചൈതന്യ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓസ്ട്രേലിയന്‍ സെക്രട്ടറി ഡോ. സിറിള്‍ ഫെര്‍ണാണ്ടസ്. യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലാന്‍ഡ് പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന്‍, ഒഎച്ച്എം മുന്‍ പ്രസിഡന്റും ആര്‍ട്സ് കോ-ഓര്‍ഡിനേറ്ററുമായ ജിജി ജയനാരായണ്‍, ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി അസി. പ്രഫെസര്‍ ഡോ.എബ്രഹാം മാത്യു സാമൂഹിക പ്രവര്‍ത്തകയായ ഓമന സിബു, മാധ്യമ പ്രവര്‍ത്തകനായ സ്വരാജ് സെബാസ്റ്റ്യന്‍, ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി.പി. സജു, മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ് ലാന്‍ഡ് മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ മഠത്തില്‍, സംസ്‌കൃതി പ്രസിഡന്റ് അനില്‍ സുബ്രമണ്യന്‍, നടനും സ്പ്രിങ് ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ബിജു വര്‍ഗീസ്, നടനും ഇപ് സ്വിച്ച് മലയാളി അസോസിയേഷന്‍ പ്രതിനിധിയുമായ സജി പഴയാറ്റില്‍, നവോദയ ബ്രിസ്‌ബെന്‍ സെക്രട്ടറിയും നടനുമായ കെ.വി. റിജേഷ്, സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ സജിഷ് കെ, സണ്‍ ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നായര്‍, ബ്രിസ്‌ബെയ്ന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോളി കരുമത്തി, എഴുത്തുകാരനായ ഗില്‍ബെര്‍ട്ട് കുറുപ്പശ്ശേരി,നടന്‍ ജോബിഷ് , പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സജിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
സിനിമ സ്വപ്നം കാണുന്ന ഓസ്‌ട്രേലിയയിലെ മലയാളി കലാകാരന്മാര്‍ക്ക് ചലച്ചിത്ര മേഖലയിലേയ്ക്കുള്ള വാതില്‍ തുറക്കുകയാണ് ഈ ഉദ്യമത്തിലൂടെ. ഓസ്ട്രേലിയയില്‍ കഴിയുന്ന കലാകാരന്മാര്‍ക്ക് ചലച്ചിത്ര രംഗത്തെ ഇഷ്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നൽകും .
ഓസ്ട്രേലിയയില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ഒരു സംഘടനയും രൂപീകരിക്കും. ഓസ്ട്രേലിയയിലെ മലയാള ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കുന്നതിലൂടെ ഓസ്ട്രേലയില്‍ മലയാള സിനിമാ മേഖലയ്ക്ക് കൂടുതല്‍ ശക്തിപകരാനും കഴിയും. സംഘടനയുടെ കീഴില്‍ കേരളത്തില്‍ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സമാധാനവും സന്തോഷവും നല്‍കുന്ന സിനിമകള്‍ ഉള്‍പ്പെടുത്തി ചലച്ചിത്ര മേളകള്‍ക്കും പരിശീലന പദ്ധതികള്‍ക്കും വഴിയൊരുങ്ങും.
താല്‍പ്പര്യമുള്ളവര്‍ക്ക് സിനിമാ നിര്‍മ്മാണ, വിതരണ കമ്പനികള്‍ക്ക് തുടക്കമിടാം. അഭിനയം മുതല്‍ സംവിധാനം, ഛായാഗ്രഹണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭാധനരായി മാറാന്‍ കേരളത്തിലേയും ഓസ്ട്രേലിയയിലേയും വിദഗ്ധ ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലന പദ്ധതികളും ആരംഭിക്കും.
വിദേശമണ്ണില്‍ പുതിയ മലയാള സിനിമാ വ്യവസായത്തിന് തുടക്കമിടുന്നതിലൂടെ സിനിമയിലേക്കുള്ള പുത്തന്‍ അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള സാംസ്‌കാരിക ബന്ധത്തിന് ആക്കം കൂട്ടാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇരു രാജ്യങ്ങളിലേയും ഫിലിം ചേംബറുകള്‍ തമ്മില്‍ സഹകരണത്തിന്റെ വഴി തുറക്കാനുള്ള സാധ്യതയുമേറും.
കേരളത്തിലും ഓസ്‌ട്രേലിയയിലും ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബ ചിത്രങ്ങൾ ഓസ്ട്രേലിയയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പി ആർ ഓ മഞ്ജു ഗോപിനാഥ്.
Content Highlights: real journey, malayalam movie shooting australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..