ചെന്നൈ: തനിക്കെതിരേ നടനും നിര്‍മാതാവുമായ വിശാല്‍ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി നിര്‍മാതാവ് ആര്‍.ബി. ചൗധരി.  വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ആര്‍.ബി. ചൗധരിയില്‍നിന്ന് പണം വാങ്ങിയിരുന്നു. സ്വന്തം വീടാണ് വിശാല്‍ പണയത്തിന് ഈടായി നല്‍കിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്‍.ബി. ചൗധരി. ഇതൊരു നിസ്സാരമായ പ്രശ്‌നമാണെന്നും വിശാലിനെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ പക്കല്‍നിന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യത്തിന്റെ പക്കല്‍നിന്നും വിശാല്‍ വായ്പ്പയെടുത്തിരുന്നു. സംവിധായകന്‍ ശിവകുമാറാണ് രേഖകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. വിശാല്‍ പണം മുഴുവന്‍  തിരികെ നല്‍കിയപ്പോള്‍ ഞാന്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നു. ഞങ്ങള്‍ ആ രേഖകള്‍ വച്ച് വിശാലിനെ ഭീഷണിപ്പെടുത്തുമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിക്കുകയില്ല'- ആര്‍.ബി. ചൗധരി വ്യക്തമാക്കി. 

Content Highlights: RB Choudhury reacts to actor Vishal's complaint loan issue