മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ (71) അന്തരിച്ചു. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ലീലാവതി ആസ്പത്രിയിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തിന് നാഗ്പുര്‍ വോക്ക്ഹാര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രവീന്ദ്ര ജെയിനിനെ കഴിഞ്ഞ ദിവസമാണ് എയര്‍ ആംബുലന്‍സ് വഴി മുംബൈയിലെ ലീലാവതി ആസ്പത്രിയിലെത്തിച്ചത്. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയിരുന്നു. വൈകിട്ട്‌ 4.10നായിരുന്നു അന്ത്യം.

യേശുദാസിന്റെ ഹിന്ദിയിലെ ഹിറ്റുകള്‍ ഏറെയും രവീന്ദ്ര ജെയിനിന്റേതായിരുന്നു. മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലായി 12 പാട്ടുകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. 1977ല്‍ പുറത്തിറങ്ങിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സുജാതയായിരുന്നു ആദ്യ ചിത്രം. പിന്നീട് 19994ല്‍ സുഖം സുഖകരത്തിലെയും 2012ല്‍ പുറത്തിറങ്ങിയ ആകാശത്തിന്റെ നിറത്തിലെ ഗാനങ്ങളും ഒരുക്കി.

സുജാതയില്‍ ജെയിന്‍ ഈണം നല്‍കിയ ആശ്രിതവത്സലനെ, കാളിദാസന്റെ കാവ്യഭാവനയില്‍, സ്വയംവര ശുഭദിന, താലിപ്പൂ പീലിപ്പൂ എന്നിവ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്. ആകാശത്തിന്റെ നിറത്തിലെ കടലിന്‍ നീലത്താളില്‍ നിശയൊരുവും ശ്രദ്ധേയമായിരുന്നു.

യേശുദാസിന്റെ എക്കാലത്തെയും മികച്ച ഹിന്ദി ഗാനങ്ങളായ ചിത്‌ചോറിന്റെ ജബ് ദീപ് ജലെ ജായെയും ഗോരി തേര ഗാവോം ബഡ പ്യാരെയും തുജൊ മേരി സുര്‍ മേയും ആജ് സെ പെഹലെയുമെല്ലാം ഒരുക്കിയത് രവീന്ദ്ര ജയിനാണ്. മലയാളത്തിന്റെ ഗാനഗന്ധര്‍വനെ ബോളിവുഡിന് പരിചയപ്പെടുത്തിയതും രവീന്ദ്ര ജെയിനാണ്. യേദാദാസിനൊപ്പം ഒ ഗോരിയാ രേ, ബീതി ഹുയി രാത് കി, ഗോരി തേര ഗാവോം എന്നിവയില്‍ പാടുകയും ചെയ്തു ജെയിന്‍.

വിധി അന്ധതയുടെ രൂപത്തില്‍ സമ്മാനിച്ച തിരിച്ചടിയെ ഈണങ്ങള്‍ കൊണ്ട് മറികടന്നാണ് രവീന്ദ്ര ജയിന്‍ ഹിന്ദി ഗാനലോകത്തില്‍ ശ്രദ്ധ നേടിയത്.