ന്തരിച്ച നടൻ രവി വള്ളത്തോളിന്റെ  ഓർമകൾ പങ്കുവച്ച നടി രശ്മി ബോബോൻ. ദൂരദർശന്റെ പ്രതാപകാലത്ത് ജ്വാലയായ് എന്ന സീരിയലിലാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. അതിൽ രവി വള്ളത്തോളിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് രശ്മിയെ തേടിയെത്തിയത്. അഭിനയ രം​ഗത്ത് തുടക്കക്കാരിയായ തനിക്ക് അദ്ദേഹം നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്ന് രശ്മി പറയുന്നു.
 
'ജ്വാലയായിൽ എല്ലാം സീനിയർ ആർട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഞാൻ മാത്രമായിരുന്നു പുതുമുഖമായി ഉണ്ടായിരുന്നുള്ളൂവെന്ന് തോന്നുന്നു. അന്നു മുതൽ ഒരു വല്യേട്ടനെപ്പോലെയായിരുന്നു രവിച്ചേട്ടൻ. അഭിനയിക്കുന്ന സമയത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഡയലോ​ഗ് തെറ്റിപ്പോയാലോ എന്നോർത്ത്. അപ്പോൾ രവി ചേട്ടൻ പറയും,''സാരല്യ രശ്മി, എല്ലാം ശരിയാകും, നമ്മളൊക്കെ എത്ര ടേക്ക് എടുത്താണ് ഇവിടെ ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത്'' എന്ന്. ആ വാക്കുകൾ എനിക്ക് ആത്മവിശ്വാസം നൽകി.

മുഖത്ത് എപ്പോഴും ഒരു ചെറിയ പുഞ്ചിരിയുണ്ടാകും. അല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. വളരെ ശാന്തപ്രകൃതമായിരുന്നു മിതഭാഷിയായിരുന്നു. കൂടെ അഭിനയിക്കുന്നവരെ എപ്പോഴും എൻകറേജ് ചെയ്യുമായിരുന്നു. ​കുറച്ചുകാലങ്ങളായി രവിച്ചേട്ടനെ നേരിട്ട് കണ്ടിട്ട്. മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു'- രശ്മി പറഞ്ഞു.

Content Highlights: Actor Ravi vallathol passed away, actress Reshmi Boban shares experience working with him