രവി തേജ | ഫോട്ടോ: www.facebook.com/itsraviteja/photos
തെലുങ്ക് സൂപ്പർതാരം രവിതേജ നായകനായി അടുത്തിടെ റിലീസായ ചിത്രമാണ് രാമറാവു ഓൺ ഡ്യൂട്ടി. പക്ഷേ പ്രതീക്ഷിച്ചതുപോലെ തിയേറ്ററിലേക്ക് ആളെകൂട്ടാൻ ചിത്രത്തിനായില്ല. രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന പേരും ചിത്രത്തിന് കൈവന്നു. നഷ്ടത്തിലായ നിർമാതാവിനെ സഹായിക്കാൻ നായകൻ രവി തേജ മുന്നിട്ടിറങ്ങിയതാണ് സിനിമയെ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.
ശരത് മാണ്ഡവ തിരക്കഥയും സംവിധാനവും നിർവഹിച്ച് സുധാകർ ചെറുകുറി നിർമിച്ച ചിത്രമാണ് രാമറാവു ഓൺ ഡ്യൂട്ടി. തന്നെ നായകനാക്കി നിർമിച്ച ചിത്രം വൻ ബാധ്യത വരുത്തിയതിനാൽ സുധാകർ നിർമിക്കുന്ന അടുത്ത ചിത്രത്തിൽ ചില്ലിക്കാശ് പോലും പ്രതിഫലം വാങ്ങാതെ അഭിനയിക്കാം എന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് രവിതേജ. സൂപ്പർതാരത്തിന്റെ വാക്കുകൾ നിർമാതാവിന് ആശ്വാസം പകർന്നിരിക്കുകയാണ്.
രവിതേജയുടെ ഈയിടെയിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെ പരാജയപ്പെട്ടിരുന്നു. തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെട്ട് ഈയിടെ രവി തേജയുടെ ആരാധകർ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിരുന്നു. താരം തിടുക്കപ്പെട്ട് സിനിമകൾ തിരഞ്ഞെടുക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.
ടൈഗർ നാഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നീ ചിത്രങ്ങളാണ് രവി തേജയുടേതായി ഇനി വരാനുള്ളത്. ചിരഞ്ജീവിയെ നായകനാക്കി കെ.എസ്. രവീന്ദ്ര സംവിധാനം ചെയ്യുന്ന വാൾട്ടയർ വീരയ്യ എന്ന ചിത്രത്തിലും രവി തേജ സാന്നിധ്യമറിയിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..