ഒ.പി നയ്യാർ | photo: facebook/Timeless Indian Melodies
എങ്ങനെ അമ്പരക്കാതിരിക്കും? ആരാധനാപാത്രമായ സംഗീതസംവിധായകനാണ് ഫോണിന്റെ മറുതലയ്ക്കല്‍: സാക്ഷാല്‍ ഓംകാര്‍ പ്രസാദ് നയ്യാര്‍ എന്ന ഒ പി നയ്യാര്‍. ഹൃദയഹാരിയായ അനേകമനേകം ഈണങ്ങളാല്‍ ആസ്വാദകലക്ഷങ്ങളുടെ മനം കവര്‍ന്ന 'റിഥം കിംഗ്.'
നയ്യാര്‍ ഈണമിട്ട സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഘോഷയാത്രയായി വന്നു നിറഞ്ഞു മങ്കൊമ്പിന്റെ മനസ്സില്‍. മുഹമ്മദ് റഫിയും ആശാ ഭോസ്ലെയും ഷംഷാദ് ബീഗവുമൊക്കെ പാടി അനശ്വരമാക്കിയ പാട്ടുകള്‍. സങ്കല്‍പ്പസംഗീത സാഗരത്തില്‍ നീന്തവേ നയ്യാരുടെ ചോദ്യം: 'താങ്കളാണോ ഗാനരചയിതാവ് മിസ്റ്റര്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍?'
അതെ എന്ന് ഭവ്യതയോടെ മങ്കൊമ്പിന്റെ മറുപടി. നിമിഷനേരത്തെ മൗനത്തിന് ശേഷം അടുത്ത ചോദ്യം: 'ഒരു കവിക്ക് എങ്ങനെ ഈ അന്യായത്തിന് കൂട്ടുനില്‍ക്കാന്‍ കഴിഞ്ഞു?''ഇത്തവണ ശരിക്കും ഞെട്ടി മങ്കൊമ്പ്. സിനിമാസംഗീതത്തിലെ ഇതിഹാസപുരുഷന്മാരിലൊരാളായ ഒ പി നയ്യാര്‍ക്ക് അപ്രീതി തോന്നാന്‍ മാത്രം താന്‍ കാണിച്ച അനീതിയെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ലെന്ന് മങ്കൊമ്പ്; നയ്യാര്‍ തന്നെ അത് വെളിപ്പെടുത്തും വരെ.
മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന 'എവിഡന്‍സ്' എന്ന മലയാള സിനിമയില്‍ മങ്കൊമ്പ് എഴുതിയ പാട്ടുകളാണ് പ്രതിക്കൂട്ടില്‍. രചനയുടെ പേരിലല്ല, സംഗീതത്തിന്റെ പേരില്‍. 'ആ പടത്തില്‍ ഉപയോഗിച്ചിരിക്കുന്ന ട്യൂണുകളെല്ലാം എന്റെ പഴയ ഹിറ്റ് ഗാനങ്ങളുടേതാണ്. '- ഒ പി നയ്യാര്‍ പറഞ്ഞു. 'ആരാണത് ചെയ്തതെന്ന് എനിക്കറിയണം. അയാളുടെ പേരില്‍ കേസ് കൊടുക്കാന്‍ പോകുകയാണ് ഞാന്‍. നഗ്‌നമായ ഈ മോഷണത്തിന് നിങ്ങള്‍ കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു.'
നിശ്ശബ്ദനായിപ്പോയി താനെന്ന് മങ്കൊമ്പ്. കൃഷ്ണതേജ എന്നൊരു മറുനാടന്‍ സംഗീത സംവിധായകനാണ് എ.വി.എം. സ്റ്റുഡിയോയില്‍ വെച്ച് 'എവിഡന്‍സി'ലെ ഈണങ്ങള്‍ മൂളിക്കേള്‍പ്പിച്ചതും വരികളെഴുതിച്ചതും. അപ്പോഴേ താന്‍ സൂചിപ്പിച്ചിരുന്നു ഒ പി നയ്യാരുടെ പാട്ടുകളുമായി അവയ്ക്കുള്ള അസാധാരണ സാദൃശ്യത്തെ പറ്റി. എന്നാല്‍ നിര്‍മ്മാതാവുള്‍പ്പെടെ ആര്‍ക്കും ഉണ്ടായിരുന്നില്ല അക്കാര്യത്തില്‍ പരാതി. പാട്ടുകള്‍ എഴുതിത്തന്നാല്‍ മതി, മറ്റൊന്നും താങ്കള്‍ അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു എല്ലാവരുടെയും നിലപാട്.
'ഏതോ പടത്തിന്റെ ജോലിയുമായി ചെന്നൈയില്‍ വന്നപ്പോഴാണ് എവിഡന്‍സിന്റെ ഓഡിയോ കാസറ്റ് നയ്യാര്‍ജി കേട്ടത്. ഉടനടി എന്റെ നമ്പര്‍ സംഘടിപ്പിച്ച് സവേരാ ഹോട്ടലില്‍ നിന്ന് അദ്ദേഹം വിളിക്കുന്നു. കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചപ്പോള്‍ എന്റെ നിരപരാധിത്വം അദ്ദേഹത്തിന് ബോദ്ധ്യമായി എന്നു തോന്നുന്നു. എങ്കിലും പടത്തിന്റെ നിര്‍മ്മാതാവിനെയും സംഗീതസംവിധായകനേയും കോടതി കയറ്റിയേ അടങ്ങൂ എന്നായിരുന്നു രോഷാകുലനായ നയ്യാര്‍ജിയുടെ തീരുമാനം. ആ രോഷം സ്വാഭാവികമായിരുന്നു താനും'. - മങ്കൊമ്പ്.
എന്തായാലും പ്രശ്നം 'എവിഡന്‍സി'ന്റെ നിര്‍മ്മാതാവും മറ്റും ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തു എന്നാണ് മങ്കൊമ്പിന്റെ അറിവ്. ഉപാധികള്‍ എന്തൊക്കെ എന്നറിയില്ല. ഇടഞ്ഞുനിന്ന നയ്യാറിനെ അനുനയിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടി വന്നിരിക്കും അവര്‍ക്ക് എന്നുറപ്പ്. സിനിമയുടെ ടൈറ്റിലില്‍ സംഗീത സംവിധായകനായി കൃഷ്ണതേജയുടെ പേരാണ് നല്കിയിട്ടുള്ളതെങ്കിലും ഓഡിയോ കാസറ്റിന്റെ കവറില്‍ നയ്യാറിനാണ് ക്രെഡിറ്റ്. ഉത്തരേന്ത്യന്‍ സംഗീത ചക്രവര്‍ത്തി ശ്രീ ഒ പി നയ്യാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ മലയാള ചിത്രം എന്ന വിശേഷണവുമുണ്ട്. പാവം സംഗീത ചക്രവര്‍ത്തി. അദ്ദേഹമുണ്ടോ ഇതുവല്ലതും അറിഞ്ഞു?
'പുതുമഴത്തുള്ളികള്‍' എന്ന പേരില്‍ നിര്‍മ്മാണം തുടങ്ങുകയും 'എവിഡന്‍സ്' എന്ന പേരില്‍ 1988 ഒക്ടോബറില്‍ റിലീസാകുകയും ചെയ്ത പടത്തിലെ പാട്ടുകള്‍ പാടിയത് ജയചന്ദ്രനും ജയാ ജോസും (ഗായിക രഞ്ജിനി ജോസിന്റെ അമ്മ). ജയചന്ദ്രന്‍ പാടിയ 'പുലര്‍കാല സന്ധ്യ ഏതോ' എന്ന ഗാനത്തിന് ഏക് ബാര്‍ മുസ്‌കുരാ ദോ എന്ന സിനിമയില്‍ കിഷോര്‍ കുമാര്‍ പാടിയ ശീര്‍ഷക ഗാനത്തോടാണ് കടപ്പാട്. 'ഇളം തെന്നലിന്‍ തളിര്‍ത്തൊട്ടിലാടി' എന്ന പാട്ട് ആശാ ഭോസ്ലെ പാടിയ യഹി വോ ജഗാ ഹേ (യേ രാത് ഫിര്‍ ന ആയേഗി) എന്ന സൂപ്പര്‍ ഹിറ്റിന്റെ തനിപ്പകര്‍പ്പ്. 'തുലാവര്‍ഷമേ' എന്ന ഗാനം 'മേരാ പ്യാര്‍ വോ ഹേ' എന്ന മഹേന്ദ്ര കപൂര്‍ ഹിറ്റിന്റെയും.
നടന്‍ രാഘവന്‍ സംവിധാനം ചെയ്ത 'എവിഡന്‍സി'ല്‍ രാഘവന് പുറമെ വിന്‍സെന്റും സുധീറും സീമയും വാണി വിശ്വനാഥുമായിരുന്നു മുഖ്യ താരങ്ങള്‍. വാണിയുടെ ആദ്യകാല ചിത്രം കൂടിയായിരുന്നു അത്. 'പല കാരണങ്ങളാലും ഉദ്ദേശിച്ച പോലെ ചിത്രീകരിക്കാന്‍ കഴിയാതെ പോയ സിനിമയായിരുന്നു അത്'.- രാഘവന്‍ പറയുന്നു. 'പല പ്രതിസന്ധികളും അതിജീവിക്കേണ്ടി വന്നു. അതൊക്കെ ആ സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തു.' പക്ഷേ 'എവിഡന്‍സി'ലെ പാട്ടുകള്‍ ഇന്ന് കേള്‍ക്കുമ്പോഴും പുതുമ തോന്നും. ഒ പി നയ്യാര്‍ എന്ന 'റിഥം കിംഗി'ന്റെ അടിച്ചുമാറ്റപ്പെട്ട ഈണങ്ങള്‍ക്ക് നന്ദി.
Content Highlights: ravi menon writes about op nayyar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..