യേശുദാസിന്റെ വൈറൽ ഫോട്ടോ, യേശുദാസ് | photo: facebook/ravimenon, mathrubhumi
'ചരിത്രം തിരുത്തുന്ന'വരുടെ പ്രളയമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. കാലം പോലും തലകുനിക്കുന്നു അവര്‍ക്ക് മുന്നില്‍; നിസ്സഹായതയോടെ. വാട്ട്‌സാപ്പില്‍ അയച്ചുകിട്ടിയ തന്റെ തന്നെ പഴയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കണ്ട് അന്തം വിട്ടിരിക്കുകയാണ് നമ്മുടെ ഗാനഗന്ധര്‍വന്‍. പടം അപൂര്‍വങ്ങളില്‍ അപൂര്‍വം. ഒപ്പമുള്ള വിവരണമാണ് വിചിത്രം. 'യേശുദാസിന്റെ അപൂര്‍വ ഫോട്ടോ: തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പഠിക്കുമ്പോള്‍: പിന്നില്‍ നില്‍ക്കുന്ന രണ്ടാമന്‍ നെയ്യാറ്റിന്‍കര വാസുദേവന്‍, ഏഴാമന്‍ രവീന്ദ്രന്‍ മാഷ്, എട്ടാമത്തെ ആള്‍ യേശുദാസ്.' എട്ടാമത്തെ ആള്‍ താന്‍ തന്നെ എന്നതൊഴിച്ചാല്‍ ഇപ്പറഞ്ഞതൊന്നിലും സത്യത്തിന്റെ തരി പോലുമില്ലെന്ന് യേശുദാസ്.
'തൃപ്പൂണിത്തുറ ആര്‍.എല്‍.വി. അക്കാദമിയില്‍ ഗാനഭൂഷണത്തിന് പഠിച്ചുകൊണ്ടിരുന്ന കാലത്തെടുത്ത ഗ്രൂപ്പ് ഫോട്ടോ ആണിത്', അദ്ദേഹം പറയുന്നു. 'കോഴ്സിന്റെ അവസാന വര്‍ഷം എടുത്ത ചിത്രത്തില്‍ അക്കാദമിയിലെ മുഴുവന്‍ കുട്ടികളുമുണ്ട്. പ്രിന്‍സിപ്പല്‍ കുമാരസ്വാമി സാര്‍, അധ്യാപകരായ വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യയ്യര്‍ സാര്‍, വീണാ ശിവരാമയ്യര്‍ സാര്‍, കൊച്ചമ്മിണി മാഡം, പദ്മ മാഡം, വൈക്കം വാസുദേവന്‍ നമ്പൂതിരി, സോമശേഖരന്‍, ഗോവിന്ദന്‍കുട്ടി, ചന്ദ്രോത്ഭവന്‍, സുഭദ്ര തുടങ്ങിയ സഹപാഠികള്‍. ഇവരൊക്കെയാണ് ഈ ചിത്രത്തിലുള്ളത്. കുമാരസ്വാമി സാറിന്റെ യാത്രയയപ്പിന് എടുത്ത പടമാണ് എന്നാണ് ഓര്‍മ്മ. തീര്‍ച്ചയില്ല. 63 വര്‍ഷമായില്ലേ? ഇവരില്‍ പലരും ലോകത്തുനിന്നേ യാത്രയായിരിക്കുന്നു..'
.png?$p=f2212e3&&q=0.8)
വാട്‌സാപ്പില്‍ ഏതോ ചരിത്രാന്വേഷി ആധികാരികമായി എഴുതിപ്പിടിപ്പിച്ച പോലെ രവീന്ദ്രന്‍ മാസ്റ്ററോ നെയ്യാറ്റിന്‍കര വാസുദേവനോ ഈ ചിത്രത്തിലില്ല. 'രണ്ടു പേരും വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നത് തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ അക്കാദമിയിലാണ്; രവീന്ദ്രന്‍ അവിടെ എന്റെ ജൂനിയര്‍ ആയിരുന്നു താനും,'- യേശുദാസിന്റെ വാക്കുകള്‍. 'ഇതുപോലുള്ള ധാരാളം ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നതായി അറിയാം. പലതും എനിക്ക് തന്നെ അയച്ചുകിട്ടാറുണ്ട്. അധികവും അവഗണിക്കുകയാണ് പതിവ്. എങ്കിലും ഈ പടം കണ്ടപ്പോള്‍ തിരുത്താതെ വിടുന്നത് ശരിയല്ല എന്ന് തോന്നി. വരും തലമുറകളോടുള്ള അനീതിയാകും അത്. എത്രയോ മഹാരഥന്മാര്‍ നിരന്നിരിക്കുന്ന ഈ ചിത്രം എന്നെ ആ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോയി എന്നതാണ് സത്യം'.
ഗാനഭൂഷണം കോഴ്സിന്റെ അവസാന വര്‍ഷം സാമ്പത്തിക പരാധീനത തിരിച്ചറിഞ്ഞു തനിക്ക് താമസിക്കാന്‍ മുറി ഏര്‍പ്പെടുത്തി തന്ന ആളാണ് സഹപാഠിയായിരുന്ന ചന്ദ്രോത്ഭവന്‍ എന്നോര്‍ക്കുന്നു യേശുദാസ്. അദ്ദേഹം ഇന്നില്ല. കുമാരസ്വാമി സാര്‍, പദ്മ മാഡം... ഇവരെയൊന്നും മറക്കാനാവില്ല. എന്റെ സംഗീത യാത്രയുടെ പല ഘട്ടങ്ങളിലും തണലും തുണയുമായിരുന്നവര്‍.'ആര്‍.എല്‍.വി. അക്കാദമിയില്‍ നിന്ന് ഡബിള്‍ പ്രമോഷനോടെ ജയിച്ചുകയറിയ ശേഷമാണ് യേശുദാസ് തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ അക്കാദമിയില്‍ ചേര്‍ന്നത്. സിനിമയില്‍ അരങ്ങേറിയത് 1961 നവംബര്‍ 14 ന് 'കാല്പാടുകളി'ലൂടെ.
ഇത്തരം അപൂര്‍വ ചിത്രങ്ങള്‍ തെറ്റായ അടിക്കുറിപ്പുകളോടെ പങ്കുവെക്കപ്പെടുമ്പോള്‍ പരിക്കേല്‍ക്കുന്നത് ചരിത്രത്തിന് തന്നെ. 'സത്യമിന്നും കുരിശില്‍ ധര്‍മ്മമെന്നും തടവില്‍' എന്ന് പാടിയ ഗായകന്റെ ആശങ്ക സ്വാഭാവികം. അമേരിക്കയിലെ വസതിയില്‍, വീണ്ടും അപ്പൂപ്പനായതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ യേശുദാസ്. ഇളയ മകന്‍ വിശാലിന്റെ ഭാര്യ വിനയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് അടുത്തിടെ. പേരക്കിടാവിന്റെ പേര് അമാര. അനശ്വര എന്നാണ് ആ പേരിന്റെ അര്‍ത്ഥം.
(രവി മേനോന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും)
Content Highlights: ravi menon about yesudas s viral photo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..