രവി കിഷൻ | ഫോട്ടോ: പി.ടി.ഐ
നിരവധി ബോളിവുഡ്, ഭോജ്പുരി, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് രവി കിഷന്‍. ഭോജ്പുരി സിനിമയിലെ ജനപ്രിയ താരമായ അദ്ദേഹം ബി.ജെ.പി എം.പി കൂടിയാണ്. ഭോജ്പുരി സിനിമയില്‍ താരപരിവേഷം വന്നതിനുശേഷം തനിക്ക് അഹങ്കാരം കൂടിയെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം. ആപ് കി അദാലത്ത് ടെലിവിഷന്‍ ഷോയിലായിരുന്നു രവി കിഷന്‍ ഇക്കാര്യം പറഞ്ഞത്.
രവി കിഷന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഒരു നിര്‍മാതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഷോ അവതാരകനായ രജത് ശര്‍മ പറഞ്ഞപ്പോള്‍ താരം ചിരിച്ചുകൊണ്ട് ഇക്കാര്യം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗ്യാങ്‌സ് ഓഫ് വസ്സേപുര്‍ എന്ന ചിത്രം തനിക്ക് നഷ്ടമായതെങ്ങനെയെന്ന് രവി കിഷന്‍ വിവരിച്ചു. 'അതുശരിയാണ്. ഞാനെന്നും പാലില്‍ കുളിക്കുകയും റോസാപ്പൂ ഇതളുകള്‍ക്കുമേല്‍ ഉറങ്ങുകയും ചെയ്തിരുന്നു. ഞാനൊരു വലിയ താരമായെന്നാണ് സ്വയം കരുതിയിരുന്നത്, രവി കിഷന്‍ പറഞ്ഞു.
അല്‍പാച്ചിനോയുടേയും റോബര്‍ട്ട് ഡിനീറോയുടേയും ചിത്രങ്ങള്‍ കാണിച്ചുതന്നിട്ട് എങ്ങനെ പെരുമാറണമെന്ന് ആളുകള്‍ തനിക്ക് പറഞ്ഞുതരുമായിരുന്നെന്ന് രവി കിഷന്‍ പറഞ്ഞു. അഞ്ഞൂറ് തവണയെങ്കിലും ഗോഡ്ഫാദര്‍ കാണിച്ചുതന്നിട്ടുണ്ട്. പക്ഷേ, താനൊരു ദേശി നടനായതുകൊണ്ട് ഇതുപോലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു. പാലില്‍ കുളിക്കുകയാണെങ്കില്‍ ജനങ്ങള്‍ അതിനേക്കുറിച്ച് സംസാരിക്കുമെന്ന് കരുതി. ഗ്യാങ്‌സ് ഓഫ് വസേപുരില്‍ അവസരം നഷ്ടപ്പെടാന്‍ കാരണം തന്റെ ഈ ആവശ്യമാണെന്നും രവി കിഷന്‍ പറഞ്ഞു.
എല്ലാ ദിവസവും 25 ലിറ്റര്‍ പാല്‍ ഒരുക്കിത്തരുന്നത് സാധിക്കാത്തതിനാല്‍ ഗ്യാങ്സ് ഓഫ് വസ്സീപൂരില്‍ എന്നെ അവര്‍ ചേര്‍ത്തില്ല. ഇത്തരം ആവശ്യങ്ങളുന്നയിക്കുന്നത് താന്‍ നിര്‍ത്തിയെന്ന് രവി കിഷന്‍ ചൂണ്ടിക്കാട്ടി. ഒന്നുമില്ലായ്മയില്‍നിന്നു വന്ന് പെട്ടെന്ന് പണവും പ്രശസ്തിയും കൈവരുമ്പോള്‍ നിങ്ങളുടെ മനസ് പിടിവിട്ടുപോവും. മുംബൈ പോലൊരു നഗരം ആരെയും ഭ്രാന്തരാക്കും. തനിക്ക് മനസിന്റെ നിയന്ത്രണം നഷ്ടമായി. ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഭാര്യയാണ് നിര്‍ബന്ധിച്ചത്. ആ ഷോയില്‍ പങ്കെടുത്തശേഷം താന്‍ ഏറെ മാറിയെന്നും ജീവിതം സാധാരണ രീതികളിലേക്ക് തിരിച്ചുവന്നുവെന്നും രവി കിഷന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് 2017-ല്‍ പുറത്തിറങ്ങിയ മുക്കാബാസ് എന്ന ചിത്രത്തില്‍ രവി കിഷന്‍ അഭിനയിച്ചിരുന്നു. 2012-ലാണ് ഗ്യാങ്‌സ് ഓഫ് വസേപുര്‍ പുറത്തിറങ്ങിയത്. മനോജ് ബാജ്‌പേയി, നവാസുദ്ദീന്‍ സിദ്ദിഖി, പങ്കജ് ത്രിപാഠി എന്നിവരായിരുന്നു മുഖ്യവേഷത്തില്‍. മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.
Content Highlights: ravi kishan reveals he was rejected for Gangs of Wasseypur, ravi kishan mp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..