വെള്ളിത്തിരയെ വിറപ്പിച്ച ആ രാക്ഷസന്റെ യഥാര്‍ഥ മുഖം ഇതാണ്, ഭീതി വിതച്ച്  കോളിവുഡില്‍ നിന്ന് കോടികളാണ് 'രാക്ഷസന്‍' കൊയ്തത്. സിനിമ കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിലെ ക്രിസ്റ്റഫര്‍ എന്ന വില്ലനെ കുറിച്ച് അന്വേഷിച്ചിരുന്നു. കാഴ്ചക്കാര്‍  ചങ്കിടിപ്പോടെ നോക്കിക്കണ്ട പ്രതിനായകനെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയ ശേഷവും അണിയറപ്രവര്‍ത്തകര്‍  രഹസ്യമായിത്തന്നെ സൂക്ഷിച്ചു. 

തമിഴ്​സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്തുവന്ന ശരവണന്‍ എന്ന യുവാവാണ് ക്രിസ്റ്റഫര്‍ എന്ന വില്ലന്റെ മുതിര്‍ന്ന കാലവും അയാളുടെ അമ്മ മേരി ഫെര്‍ണാണ്ടസിന്റെ വേഷവും അവതരിപ്പിച്ചത്.

''വര്‍ഷങ്ങളായി സിനിമയില്‍ അവസരം തേടി നടക്കുന്നു, ചുരുക്കം ചില ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളെല്ലാം അഭിനയിച്ചു. രാക്ഷസനിലേക്കുള്ള ക്ഷണം വലിയ സന്തോഷം നല്‍കിയെങ്കിലും സംവിധായകന്‍ ആദ്യം പറഞ്ഞത് സ്‌ക്രീനില്‍  യഥാര്‍ഥമുഖം കാണിക്കാന്‍ കഴിയില്ല എന്നായിരുന്നു. കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോയത്'' 

ക്രൂരത നിറഞ്ഞ സൈക്കോ കില്ലറെ അവതരിപ്പിക്കാന്‍ മൂന്നുവര്‍ഷമാണ് ശരവണന്‍ ചെലവിട്ടത്. മനോരോഗിയുടെ പെരുമാറ്റ രീതികള്‍ ശ്രദ്ധയോടെ പഠിച്ചെടുക്കുന്നതായിരുന്നു ആദ്യഘട്ടം, കഥാപാത്രത്തിനുവേണ്ടി മാജിക്ക് വശത്താക്കി, ശരീരം മെലിയിക്കാനായി കഠിനമായ വ്യായാമം നടത്തി.

''ക്ഷീണിച്ചതും അവശത തോന്നിപ്പിക്കുകയും ചെയ്യുന്ന രൂപമായിരുന്നു ക്രിസ്റ്റഫറിന്‌ വേണ്ടിയിരുന്നത്. അതിനായി ഭക്ഷണം പാടേ ഉപേക്ഷിക്കേണ്ടിവന്നു, പെട്ടെന്ന് മെലിയാന്‍ ധാരാളം പുളിവെള്ളം കുടിച്ചു. ശോഷിച്ച ശരീരം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള ക്ലൈമാക്സ് സംഘട്ടനം ഏറെ പ്രയാസപ്പെട്ടാണ് അഭിനയിച്ചത്.'' 

കഥാപാത്രത്തിനായി അമ്പതിലധികം തവണയാണ് ശരവണന്‍ തലമൊട്ടയടിച്ചത്. പുലര്‍ച്ചെ എഴുന്നേറ്റ് നാലുമണിക്കുറോളം മേക്കപ്പിനായി ഇരുന്നുകൊടുത്തു, മേക്കപ്പ് അലര്‍ജിയെന്നോണം കഴുത്തിലും മറ്റും  കുമിളകള്‍ പ്രത്യക്ഷപ്പെട്ടു.

''വസ്ത്രധാരണം, നോട്ടം, ശരീര ചലനങ്ങള്‍ അങ്ങനെ കഥാപാത്രത്തെകുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകള്‍ തിരക്കഥയില്‍ ഉണ്ടായിരുന്നു. വീട്ടില്‍ വലിയൊരു കണ്ണാടി സ്ഥാപിച്ച് അതിനുമുന്നില്‍ നിന്നാണ് മാജിക്ക് പരിശീലിച്ചത്. സിനിമ കാണുന്നതിനിടെ തിയ്യറ്ററിലിരുന്ന ഒരു പെണ്‍കുട്ടി കഥാപാത്രത്തെ ചൂണ്ടി അവനെ വിടരുതെന്ന് വിളിച്ചുപറഞ്ഞതെല്ലാം വലിയ അംഗീകാരമായാണ് കാണുന്നത്.''

സൈക്കോ ത്രില്ലറായി രാക്ഷസന്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ കേരളത്തിലും ശ്രദ്ധിക്കപ്പെടുകയാണ്. ചിത്രം ഹിന്ദിയില്‍ എടുക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.

Content Highlights : Ratsasan Villain Christopher saravanan interview Ramkumar Vishnu Vishal amala paul ratsasan