പ്രതീക്ഷകളുടെയും പ്രചരണങ്ങളുടെയും ഭാരമില്ലാതെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി തിയ്യറ്ററുകളിൽ മുന്നേറുകയാണ് തമിഴ് ചിത്രം രാക്ഷസന്‍. ഒരു സീരിയല്‍ കൊലപാതകിയുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. പ്രതിനായകന്‍ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രമാണ് പ്രേക്ഷകരെ ഉള്ളുലയ്ക്കുന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നതും.

എന്നാല്‍ ക്രിസ്റ്റഫര്‍ ഒരു വെറും സങ്കല്‍പമല്ലെന്നും അങ്ങനെയൊരാള്‍ ജീവിച്ചിരുന്നെന്നും പറയുകയാണ് സംവിധായകന്‍ രാംകുമാര്‍. ഒരു യഥാര്‍ഥ കൊലയാളിയുടെ ജീവിതത്തെയാണ് താന്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പറയുന്നു. 

'വ്യത്യസ്തമായ ഒരു ചിത്രമൊരുക്കാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് രണ്ടുപേരെ കുറിച്ച് ഒരു ലേഖനം വായിക്കുന്നത്.  അവര്‍ ഇന്ത്യക്കാരായിരുന്നില്ല. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റൊരാൾ ഒരു സ്ത്രീയുമായിരുന്നു. ഇൗ ലേഖനമായിരുന്നു പ്രചോദനം. സിനിമ കെട്ടുകഥയാണെങ്കിലും യഥാര്‍ഥ കഥാപാത്രത്തെ ആസ്പദമാക്കിയാണ് വില്ലനെ ഉണ്ടാക്കിയെടുത്തത്- രാംകുമാര്‍ പറഞ്ഞു.

ചിത്രത്തിന് ആദ്യം സിന്‍ട്രെല എന്നും പിന്നീട് മിന്‍മിനി എന്നും പേരിട്ടെങ്കിലും അവസാനം രാക്ഷസനില്‍ എത്തുകയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്- രാം കുമാര്‍ പറഞ്ഞു.

രാക്ഷസനായി സംവിധായകന്‍ ഒരുപാട് മുന്‍നിര താരങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ അത് നടപടിയായില്ല. പിന്നീടാണ് വിഷ്ണു വിശാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വിഷ്ണു വിശാല്‍ രാംകുമാറിനെ നേരത്തേ തന്നെ സമീപിച്ചിരുന്നു.

ശരവണന്‍ നാനാണ് ക്രിസ്റ്റഫറെ അവതരിപ്പിച്ചത്. അമല പോളാണ് നായിക. രാധാരവി, കാലി വെങ്കട്ട്, രാംദോസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlights: ratsasan movie rakshasan Christopher villain vishnu vishal amala paul psycho thriller