-
മകന്റെ ഉത്തരക്കടലാസുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ചില സംശയങ്ങളുമായി രംഗത്തുവരികയാണ് റസൂല്‍ പൂക്കുട്ടി. രണ്ടു ചോദ്യങ്ങള്‍ക്ക് സ്വന്തം യുക്തിയുപയോഗിച്ച് ഉത്തരമെഴുതിയ മകന്റെ ഉത്തരങ്ങളോടുളള ടീച്ചറുടെ പ്രതികരണമാണ് അച്ഛനായ റസൂല്‍ പൂക്കുട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്.
റസൂല്‍ പൂക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ എന്റെ മകന്റെ ഉത്തരക്കടലാസുകള്‍ പരിശോധിക്കുകയായിരുന്നു. ഈ രണ്ട് ഉത്തരങ്ങള്‍ കണ്ട് ഞാന്‍ ആകെ കുഴഞ്ഞിരിക്കുകയാണ്. പുസ്തകം വായിച്ചുള്ള പരിജ്ഞാനം വച്ചല്ല മകന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. സ്വന്തം യുക്തിബോധത്തില്‍ നിന്നാണ്. ഒന്ന് കോണ്‍വെക്‌സ് കണ്ണാടികളെക്കുറിച്ചും മറ്റൊന്ന് ഗുരുത്വാകര്‍ഷണനിയമത്തെക്കുറിച്ചും. ഒന്നിന് മുഴുവന്‍ മാര്‍ക്കുണ്ട്. മറ്റേത് വെട്ടിക്കളഞ്ഞിരിക്കുന്നു. ക്രൂരമായ ഒരു കമന്റോടെ. ഈ ടീച്ചര്‍മാര്‍ എന്താ ഇങ്ങനെ എന്ന് എനിക്കു മനസ്സിലാകുന്നില്ല. കുനാല്‍ കുംറ യാത്ര ചെയ്യുന്ന എയര്‍ലൈന്‍സ് പോലെ..
ഭൂഗുരുത്വാകര്‍ഷണനിയമത്തെ വിവരിക്കാനുള്ള ചോദ്യത്തിന് റസൂല്‍ പൂക്കുട്ടിയുടെ മകന്‍ എഴുതിയ ഉത്തരമാണ് വെട്ടിക്കളഞ്ഞിരിക്കുന്നത്. മുകളിലേയ്ക്കു പോകുന്നതെല്ലാം താഴേയ്ക്കു പതിക്കും എന്നാണ് എഴുതിയിരുന്നത്. 'വാഹ്.. ഗംഭീര ഉത്തരം' എന്ന കമന്റോടെ വെട്ടിക്കളയുകയാണ് ടീച്ചര്‍ ചെയ്തിരിക്കുന്നത്. ടീച്ചറുടെ പ്രവൃത്തി ഹാസ്യകലാകാരന്‍ കുനാല്‍ കുംറയോട് എയര്‍ലൈന്‍സ് എടുത്ത നിലപാടിനു സമാനമാണെന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍വെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഹാസ്യകലാകാരന്‍ കുനാല്‍ കംറയ്ക്ക് വിമാനകമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും വിലക്കേര്‍പ്പെടുത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം.
ചൊവ്വാഴ്ച മുംബൈ-ലഖ്നൗ യാത്രയ്ക്കിടെയാണ് അര്‍ണാബിനെ സഹയാത്രികനായ കംറ ചോദ്യംചെയ്തത്. നിങ്ങള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം. ജെഎന്‍യുവില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്കും അയാളുടെ അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും കംറ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ദൃശ്യങ്ങള്‍ കംറ ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയും പുറത്തുവിട്ടിരുന്നു.
Content Highlights : rasool pookkutty shares his son's answer papers comparing teacher's attitude with kunal kamra issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..