ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ കാലടി മണപ്പുറത്തെ സെറ്റ്  രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവർത്തകർ തകർത്തതിൽ പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ. എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോട് എന്നയാളാണ് ഇക്കാര്യം ഫെയ്സ്‌ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.  

ഏറെ പ്രതീക്ഷകളോ‍ടെ ഒരുക്കുന്ന അതിമാനുഷിക നായക കഥാപാത്രത്തിന്റെ ചിത്രമാണ് മിന്നൽ മുരളി. ചിത്രീകരണം നടന്നുകൊണ്ടിരുന്ന ചിത്രമായിരുന്നു. പകുതിയിലേറെ ഭാ​ഗം ചിത്രീകരിക്കുകയും ചെയ്തു. 2 വർഷത്തെ പ്രീ പ്രൊഡക്ഷൻ ജോലികളും പ്ലാനിങ്ങും ചിത്രത്തിന് വേണ്ടിവന്നിരുന്നു. സിനിമാ ചിത്രീകരണത്തിനുളള നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ സിനിമ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു. എല്ലാ അനുമതിയും വാങ്ങിക്കൊണ്ടാണ് കാലടി മണപ്പുറത്ത് സിനിമാ ചിത്രീകരണത്തിനായി പള്ളിയുടെ സെറ്റ് ഇട്ടതെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞു. 

കാലടിയിലാണ് അടുത്ത ഷെഡ്യൂൾ പ്ലാൻ ചെയ്തത്. ചിത്രത്തിന്റെ ക്ലൈമാക്സിനായി വലിയ പള്ളിയുടെ സെറ്റും നിർമിച്ചു. നിർഭാ​ഗ്യവശാൽ കോവിഡ് മഹാമാരിയും ലോക്​ഡൗണും കാരണം ചിത്രീകരണം തുടരാനായില്ല. അതിനായി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. വളരെ അധികം പ്രാധാന്യമുളള രം​ഗത്തിനായാണ് കാലടിയിലെ പള്ളിയുടെ സെറ്റ് നിർമിച്ചത്. ആ ലൊക്കേഷനിൽ സെറ്റിടാനുളള എല്ലാ അനുമതിയും വാങ്ങിയിരുന്നു. ഇന്നത്തെ സംഭവം വളരെ ദൗർഭാ​ഗ്യകരവും ഭീമമായ നഷ്ടവുമായി. സോഫിയ പോൾ കുറിച്ചു. 

ചുറ്റിലും വെള്ളമുള്ള സ്ഥലം വേണമെന്നതിനാലാണ് ഈ സ്ഥലം തിരഞ്ഞെടുത്തത്. ഈ സ്ഥലം അമ്പലക്കമ്മിറ്റിക്കാരുടെ ഉടമസ്ഥതയിലുള്ളതാണ്. അവര്‍ അനുമതി തന്നു. സ്ഥലമെടുക്കുന്നതിന്റെ പേരില്‍ വാടകയ്ക്കുള്ള ഡെപ്പോസിറ്റ് തുകയും നല്‍കി. എല്ലാ അനുമതിയും എടുത്താണ് അവിടെ അത്തരത്തില്‍ പള്ളി നിര്‍മിച്ചത്. പിന്നെ ഇതിനു പിന്നില്‍ എന്താണ് ഉണ്ടായതെന്ന് അറിയില്ല. ഞങ്ങള്‍ ഉണ്ടാക്കിയ സെറ്റ് ഒരു കാരണവും ഇല്ലാതെയാണ് നശിപ്പിച്ചത്. ഇതിനെ നിയമപരമായി നേരിടുമെന്നും സോഫിയ പോള്‍ വ്യക്തമാക്കി.

'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.

സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്‍റെ ഫെയ്സ്‌ബുക്ക് പോസ്റ്റ്.

minnal murali

 Content Highlights : Rashtriya Bajrangdal destroys minnal Murali Church set starring Tovino Thomas Basil Joseph, producer sophia paul reacts to the incident