രശ്മിക മന്ദന്ന | ഫോട്ടോ: www.instagram.com/rashmika_mandanna/
തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് സിനിമകളിലും ഒരേപോലെ തിരക്കുള്ള നടിയാണ് രശ്മിക മന്ദന്ന. സിദ്ധാർത്ഥ് മൽഹോത്ര നായകനാവുന്ന മിഷൻ മജ്നുവാണ് നടിയുടേതായി വരാനുള്ള ബോളിവുഡ് ചിത്രം. ഈ സിനിമയുടെ പ്രചാരപരിപാടികളിലൊന്നിൽ രശ്മിക നടത്തിയ ഒരു പരാമർശം വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ബോളിവുഡിലേയും ദക്ഷിണേന്ത്യൻ സിനിമകളിലേയും ഗാനങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്കാണ് വിവാദ പരമാർശം കടന്നുവന്നത്. തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങളെന്നാൽ ബോളിവുഡ് ഗാനങ്ങളാണ്. തെന്നിന്ത്യൻ സിനിമയിലാണെങ്കിൽ മാസ് മസാലയും ഡാൻസ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്. ഇതെന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു. ഇതായിരുന്നു അവരുടെ വാക്കുകൾ.
എന്നാൽ രശ്മികയുടെ വാക്കുകൾ സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്ക് അത്ര രുചിച്ചില്ല എന്നാണ് പിന്നീടുവന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. രൂക്ഷമായ വിമർശനമാണ് അവർക്കെതിരെ ഉയർന്നത്. തെന്നിന്ത്യൻ സിനിമകൾ മസാലയും ഐറ്റം നമ്പറും മാത്രമല്ല എന്നാണ് ഏവരും ഒരേസ്വരത്തിൽ മറുപടി നൽകിയത്. വന്ന വഴി മറക്കരുതെന്ന് താരത്തിനെ ഓർമിപ്പിക്കുകയും ചെയ്തു ചിലർ.
നെറ്റ്ഫ്ളിക്സ് വഴി 2023 ജനുവരി 20-നാണ് മിഷൻ മജ്നു റിലീസ് ചെയ്യുന്നത്. വിജയ് നായകനാവുന്ന വാരിസ്, രൺബീർ കപൂറിനൊപ്പമുള്ള അനിമൽ, അല്ലു അർജുൻ നായകനാവുന്ന പുഷ്പ : ദ റൂൾ എന്നിവയാണ് രശ്മികയുടെ പുതിയ ചിത്രങ്ങൾ. നേരത്തേ കന്നഡ സിനിമയിൽ നിന്ന് രശ്മികയെ വിലക്കാൻ നിർമാതാക്കൾ ഒരുങ്ങുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ രശ്മിക ഇക്കാര്യം തള്ളുകയാണുണ്ടായത്.
Content Highlights: rashmika mandanna again in controversy, mission majnu movie promotion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..