ലൈംഗികാരോപണ വിവാദങ്ങളോട്‌ പ്രതികരണവുമായി റാപ്പർ വേടൻ രം​ഗത്ത് വന്നത് വാർത്തയായിരുന്നു. തനിക്ക് നേർക്കുള്ള എല്ലാം വിമർശനങ്ങളും താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നുവെന്ന് വേടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട തന്നിൽ നിന്ന് സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് താൻ നഷ്ടമാക്കിയതെന്നും വേടൻ കൂട്ടിച്ചേർത്തു.

ഈ മാപ്പപേക്ഷയ്ക്ക് പിന്നാലെ വേടന് പിന്തുണ അറിയിച്ച് നിരവധി പേർ രം​ഗത്തെത്തി. അക്കൂട്ടത്തിൽ വേടൻ പങ്കുവച്ച പോസ്റ്റിന് ലൈക്ക് ചെയ്തുകൊണ്ട് മലയാള സിനിമയിലെ പല സെലിബ്രിറ്റികളും ഉൾപ്പെട്ടത് ഇപ്പോൾ വിമർശനത്തിന് കാരണമായിരിക്കുകയാണ്. ഫെമിനിസവും തുല്യനീതിയും ആവശ്യപ്പെടുകയും ഇരയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഈ സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പിനെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്.

നേരത്തെ വൈരമുത്തുവിനെതിരേയും മറ്റും ഇക്കൂട്ടർ രം​ഗത്ത് വന്നത് ചൂണ്ടിക്കാണിച്ചാണ് പലരുടെയും വിമർശനം. നാളെ സമാനമായി ഏതേലും പീഡനത്തിൽ പ്രതിയായവർ മാപ്പ് പറയുകയോ ഇത്തരത്തിൽ പോസ്റ്റ് പങ്കുവയ്ക്കുകയോ ചെയ്താൽ അവരെ ചേർത്തുപിടിക്കുമോ എന്ന് ഇവർ ചോദിക്കുന്നു. എത്ര മാപ്പ് പറഞ്ഞാലും ചെയ്ത വൃത്തികേട് റദ്ദ് ചെയ്യപ്പെടുന്നില്ലെന്നും ഇവർ പറയുന്നു.

'ലൈക്കി'നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന് പറയുന്ന ഇവർ ഈ പ്രവൃത്തിയിലൂടെ ഇരയ്ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണ് തങ്ങളെന്നല്ലേ തെളിയിച്ചതെന്ന് സംവിധായകൻ ഒമർ ലുലു ചോദിക്കുന്നു. ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ പുരോ​ഗമന കോമാളികളെന്നാണ് വിളിക്കേണ്ടതെന്നും ഒമർ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

content highlights : Rapper vedan apology on sexual allegation supporters criticized