ലോകപ്രശസ്ത ഗുസ്തി താരം ബ്രോക്ക് ലെസ്‌നറെ വിശേഷിപ്പിച്ച വാക്കുകള്‍ ഉദ്ധരിച്ച്‌ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ട നടന്‍ രണ്‍വീര്‍ സിങിന് വക്കീല്‍ നോട്ടീസ്. ലെസ്‌നറുടെ വക്കീലായ പോള്‍ ഹെയ്മാന്‍ ആണ് രണ്‍വീറിന് നോട്ടീസ് അയച്ചത്. 

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം നിന്ന് എടുത്ത സെല്‍ഫി രണ്‍വീര്‍ സിങ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രവും അതിനു കൊടുത്ത അടിക്കുറിപ്പുമാണ് ഇപ്പോള്‍ വിവാദമാകുന്നത്. കഴിക്കൂ.. ഉറങ്ങൂ.. കീഴടക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ.. ഗുസ്തിക്കളത്തിലെ അഭ്യാസങ്ങള്‍ക്കിടയില്‍ തിളങ്ങിയ പ്രശസ്ത ഡബ്ല്യു ഡബ്ല്യൂ ഇ ഗുസ്തി താരം ബ്രോക്ക് ലെസ്‌നറെ വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ വക്കീല്‍ പോള്‍ ഹെയ്മാന്‍ പറഞ്ഞ ഈ വാക്കുകളില്‍ അല്പം മാറ്റം വരുത്തി, കഴിക്കൂ.. ഉറങ്ങൂ.. അധികാരം സ്ഥാപിക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ..ഇത് ഹാര്‍ദിക്.. ഹാര്‍ദിക് പാണ്ഡ്യ മൈ ബോയ്.. എന്നാണ് രണ്‍വീര്‍ അടിക്കുറിപ്പെഴുതിയത്. ഇതാണ് പ്രമുഖ ഗുസ്തി താരത്തിന്റെ വക്കീലിനെ ചൊടിപ്പിച്ചത്‌. തന്നെ കളിയാക്കുകയാണോ എന്നും രണ്‍വീറിനെ താന്‍ കോടതി കയറ്റുമെന്നും ഹെയ്മാന്‍ താരത്തെ ടാഗ് ചെയ്ത് ട്വിറ്ററില്‍ കുറിച്ചു.. കഴിക്കൂ.. ഉറങ്ങൂ.. കീഴടക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ.. എന്നതാണ് ശരിയായ വാക്കുകളെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ലെസ്‌നറുടെ വാക്യമായി പ്രസിദ്ധിയാര്‍ജിച്ച ആ വാക്കുകള്‍ക്ക് പകര്‍പ്പാവകാശം ആവശ്യപ്പെട്ടുകൊണ്ടാണ് വക്കീല്‍നോട്ടീസ്. ഇതു വാര്‍ത്തയാക്കിയ ചില ദേശീയ മാധ്യമങ്ങള്‍ ഗുസ്തി താരത്തിന്റെ മാനേജര്‍ രണ്‍വീറിനു താക്കീതു നല്‍കി എന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും ഇദ്ദേഹം ട്വിറ്ററിലൂടെ പ്രതികരണമറിയിച്ചിട്ടുണ്ട്. താന്‍ നടന് താക്കീതു നല്‍കുകയല്ല, നിയമപരമായ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തതെന്നും ബ്രോക്ക് ലെസ്‌നറുടെ മാനേജറല്ല, വക്കീലാണ് താനെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല വക്കീലാണ് താനെന്നും ഹെയ്മാന്‍ ട്വീറ്റ് ചെയ്തു.

ranveer singh

ഇതിനു മുമ്പും സമാന സംഭവങ്ങളില്‍ പ്രതികരിച്ച് ലെസ്‌നറുടെ വക്കീല്‍ രംഗത്തു വന്നിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയുടെ കായികജീവിതത്തെ പ്രകീര്‍ത്തിച്ച് ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും മുമ്പ് ലെസ്‌നറുടെ ഇതേ വാക്കുകള്‍ കടമെടുത്തു കൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിക്കൂ.. ഉറങ്ങൂ.. കളിക്കൂ.. ഇതെല്ലാം ആവര്‍ത്തിക്കൂ..എം.എസ് ധോണിയുടെ ജീവിതം പോലെ..എന്നായിരുന്നു ട്വീറ്റ്. തങ്ങളുടെ ആപ്തവാക്യങ്ങള്‍ക്ക് പ്രചാരണം നല്‍കിയതിനു നന്ദിയെന്നും പണമായോ ചെക്ക് ആയോ റോയല്‍റ്റി നല്‍കിക്കൊള്ളാനും ഹെയ്മാന്‍ അതിനു പ്രതികരണമറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

paul heyman

Content Highlights : Ranveer Singh receives legal notice on copy right issues with wrestler Brock Lesner and his advocate