ചുറുചുറക്കും ആകാംക്ഷയും വിടര്‍ന്ന പുഞ്ചിരിയാണ് രണ്‍വീര്‍ സിംഗിന്റെ മുഖമുദ്ര. ബാന്ത് ബാജാ ബാരാത് എന്ന സിനിമയില്‍ തുടങ്ങി അതിശയിപ്പിക്കുന്ന വളര്‍ച്ച കൈവരിച്ച് ഇന്ത്യയിലെ മുന്‍നിര നടന്‍മാരുടെ പട്ടികയില്‍ ഇടം തേടിയ താരമാണ് രണ്‍വീര്‍. ജീവിതത്തില്‍ അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് രണ്‍വീര്‍ പറയുന്നു. സിമ്പ, ഗലി ബോയ് എന്നീ ചിത്രങ്ങളുടെ വിജയത്തെക്കുറിച്ചും ദീപികയുമായുള്ള വിവാഹത്തെക്കുറിച്ചും രണ്‍വീര്‍ സംസാരിക്കുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ മനസ്സു തുറന്നത്.
'2018 എന്നെ സംബന്ധിച്ച് ഏറെ വിലപ്പെട്ട വര്‍ഷമാണ്. ദീപികയോടൊപ്പം പത്മാവതില്‍ വേഷമിട്ടാണ് 2018 തുടങ്ങിയത്. എന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി അത് മാറി. 300 കോടിയോളം രൂപയാണ് ചിത്രം നേടിയത്. കരിയറില്‍ എനിക്ക് കിട്ടിയ പ്ലസ് പോയിന്റുകള്‍ ഒടുവിലത്തേതാണ് അത്.
അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എട്ടുവര്‍ഷമായി ഞാന്‍ ബോളിവുഡിന്റെ ഭാഗമായിട്ട്. അതില്‍ ആറു വര്‍ഷവും ദീപികയോടൊപ്പമാണ് അഭിനയിച്ചത്. ഇനിയുള്ള യാത്രകളില്‍ ഞങ്ങള്‍ ഒരുമിച്ചും. ഇതെല്ലാം ഭാഗ്യത്തിന്റെ നൂലിഴകളല്ലേ? സത്യം പറഞ്ഞാല്‍ ഞാനൊരു മടിയനാണ്. കഷ്ടപ്പെട്ട് ജോലിയെടുക്കാനൊന്നും പറ്റില്ല. 18 മണിക്കൂര്‍ ഉറക്കം ആറ് മണിക്കൂര്‍ ജോലി ഇതായിരുന്നു എന്റെ പോളിസി. എന്നാല്‍ പത്മാവതില്‍ ഞാന്‍ 20 മണിക്കൂര്‍ ജോലി ചെയ്തു. അതിന് ദീപിക എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഭാഗ്യം എന്ന ഘടകം ഒന്നുള്ളത് കൊണ്ടു മാത്രമാണ് എനിക്ക് ദീപികയെ ഭാര്യയായി ലഭിച്ചത്'- രണ്‍വീര്‍ പറയുന്നു
അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം