ലതാ മങ്കേഷ്‌കര്‍ അനശ്വരമാക്കിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹെ' എന്ന ഗാനം പശ്ചിമബംഗാളിലെ റാണാഘട്ട് റെയില്‍വേസ്റ്റേഷനിലിരുന്ന് പാടി പ്രശസ്തയായ രാണു മൊണ്ടാലിനെ ആരും മറന്നു കാണില്ല. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആ ശബ്ദമാധുര്യം കേട്ട് നിരവധി പേരാണ് രാണുവിനെ കണ്ടെത്താന്‍ മുന്‍കൈയെടുത്തത്.
തുടര്‍ന്ന് ബോളിവുഡ് സംഗീതസംവിധായകന്‍ ഹിമേഷ് റെഷ്മിയ ഉള്‍പ്പെടെയുള്ളവര്‍ രാണുവിന് അവസരങ്ങളുമായെത്തി. സംഗീത റിയാലിറ്റി ഷോകളിലും സിനിമയിലുമൊക്കെ പാടാനും മലയാളത്തിലുള്‍പ്പടെ വിവിധ ഷോകളില്‍ അതിഥിയായി എത്താനും രാണുവിന് അവസരം ലഭിച്ചു.
അടുത്തിടെ മുഖത്തു വലിയ രീതിയില്‍ മേക്കപ്പിട്ട് കാതിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞുകൊണ്ടുള്ള രാണുവിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കണ്ണെഴുതി കടും പിങ്ക് നിറത്തില്‍ ലിപ്സ്റ്റിക്കുമായെത്തിയ രാണുവിനെ സോഷ്യല്‍മീഡിയ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞിരുന്നു.
പ്രേതസിനിമയായ ദ നണ്‍ എന്ന ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാണു എന്നും മേക്കപ്പിട്ട ആര്‍ട്ടിസ്റ്റിന് 2020ലെ ഓസ്‌കാര്‍ അവാര്‍ഡ് ഉറപ്പ് എന്നും മറ്റുമായിരുന്നു ട്രോളുകള്‍. റെയില്‍വെ സ്‌റ്റേഷനില്‍ പാട്ടുപാടി ഉപജീവനം തേടിയിരുന്ന ഗായിക പെട്ടെന്നു പ്രശസ്തയായപ്പോഴും തങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടുന്നതുപോലെയല്ലാതെ ജീവിക്കുന്നതു കാണുമ്പോഴും അസ്വസ്ഥരായവരാണ് ട്രോളുകള്‍ക്കു പിന്നില്‍. സോഷ്യല്‍മീഡിയ ഒരു വ്യക്തിയെ വളര്‍ത്തുന്നതും തളര്‍ത്തുന്നതുമെങ്ങനെയെന്ന് രാണു മൊണ്ടാലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു യുവതി എഴുതിയ കുറിപ്പും ഫേസ്ബുക്കില്‍ വൈറലായിരുന്നു.
Content Highlights : ranu mondal singer make over photo viral social media trolls