രേവതിയുമായുള്ള കൂടികാഴ്ച സിനിമയെക്കുറിച്ചുള്ള തന്റെ ചില കാഴ്ചപ്പാടുകള്‍ തിരുത്തിയെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്നെ സ്വാധീനിച്ച സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചും സ്ത്രീയെയും കുറിച്ച് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. 

''ഒരു സിനിമയില്‍ പൃഥ്വിരാജിന്റെ അമ്മ വേഷം ചെയ്യാന്‍ ഞാന്‍ രേവതി ചേച്ചിയെ സമീപിച്ചിരുന്നു. അന്ന് രേവതി ചേച്ചി ചോദിച്ച ഒരു ചോദ്യമാണ് മോളി ആന്റി റോക്‌സ് എന്ന സിനിമയിലേക്ക് എന്നെ നയിച്ചത്. രേവതി ചേച്ചി ചോദിച്ചു, 'എന്താണ് രഞ്ജിത്ത്. നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ നിങ്ങള്‍ക്ക് അമ്മയും വക്കീലും ഡോക്ടറുമായിട്ടല്ലാതെ അവതരിപ്പിക്കാന്‍ സാധിക്കില്ലേ. എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവര്‍ മാറി ചിന്തിക്കാത്തത്? മലയാള സിനിമ അവിടെ നില്‍ക്കട്ടെ, ഇന്ത്യന്‍ സിനിമ മൊത്തം നോക്കൂ. എവിടെയെങ്കിലും നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി സിനിമകള്‍ വരുന്നുണ്ടോ?.' ആ ചോദ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്ന വ്യക്തിയാണ്. എന്നിട്ടും രേവതി ചേച്ചിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു കഥാപാത്രത്തിന് വേണ്ടി ഒരു ആര്‍ട്ടിസ്റ്റിനെ സമീപിക്കുന്നതില്‍ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധാലുവായി. രേവതി ചേച്ചിയുടെ ചോദ്യത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു വലിയ പാഠമാണത്. 

മോളി ആന്റ് റോക്‌സ് ഷൂട്ടിങ് തുടങ്ങുന്നതിന് ഒരുമാസം സമയമുള്ളപ്പോഴൊക്കെ രേവതി ചേച്ചി എന്നെ വിളിക്കുമായിരുന്നു. രഞ്ജിത്ത് എനിക്ക് ടെന്‍ഷനുണ്ട്, ആ ക്യാരക്ടര്‍ എങ്ങിനെ ആയിരിക്കും എന്നൊക്കെയാണ് രേവതി ചേച്ചി ചോദിക്കുക. സത്യത്തില്‍ ഞാന്‍ പോലും അതെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നില്ല. രേവതി ചേച്ചിക്ക് ഫിലിം മേക്കിങ്ങിനെക്കുറിച്ചും നന്നായി അറിയാം. എനിക്ക് അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു.'' 

സിനിമയില്‍ തന്റെ വളര്‍ച്ചയ്ക്ക് കാരണക്കാരിയായത് ഭാര്യ സ്മിതയാണെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

''ഞങ്ങളുടെ കല്യാണം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. എന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയില്‍ ഒരു പെണ്ണുകാണല്‍ ഉണ്ട്. അത് എന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ കോമിക് വേര്‍ഷനാണ്. സ്മിത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ് ഞാനും അതെ. അദ്യമായി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, 'ഞാന്‍ സോഫ്ട് വെയര്‍ മേഖലയില്‍ തുടരാന്‍ ആലോചിക്കുന്നില്ല. നല്ല ഒരു ഭാവി സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ ഞാന്‍ ചിലപ്പോള്‍ നല്ല ചോയിസ് ആയിരിക്കില്ല.' പക്ഷേ സ്മിത ആ വെല്ലുവിളി ഏറ്റെടുത്തു. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി സ്മിതയുടെ തോളിലായി. ഞങ്ങളുടെ കുട്ടികളുടെ കാര്യമൊക്കെ നോക്കുന്നത് സ്മിതയാണ്. എന്റെ സ്വപ്‌നം പിന്തുടരുവാനുള്ള പൂര്‍ണ സ്വാതന്ത്യം എനിക്ക് തന്നു. സ്മിതയോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു.''

സിനിമയില്‍ തന്നെ ഏറെ സ്വാധീനിച്ച സ്ത്രീകഥാപാത്രം റിംബോകോച്ച് ആണെന്ന് രഞ്ജിത്ത് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.