ഗണേഷ് കുമാർ, രഞ്ജിത്ത്
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്. ഗണേഷ് കുമാറിന്റെ വിമര്‍ശനം തെറ്റിദ്ധരിച്ചിട്ടാണെന്നും അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു. നിയമസഭാ പുസ്തകോല്‍സവത്തോടനുബന്ധിച്ച് നടന്ന 'സിനിമയും എഴുത്തും' എന്ന പാനല്‍ചര്‍ച്ചയിലാണ് ഗണേഷ് കുമാര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്.
'സിനിമ-ടിവി പുരസ്കാരം നല്‍കുക, ഫിലിം ഫെസ്റ്റിവല്‍ നടത്തുക എന്ന രീതിയിലേക്ക് ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അധഃപതിച്ചുപോയി' എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഇതില്‍ അതിയായ ഖേദമുണ്ടെന്നു രഞ്ജിത്ത് പറഞ്ഞു.
ഇരുപത്തിയഞ്ചോളം പുതിയതും തുടര്‍ന്നു വരുന്നതുമായി പദ്ധതികള്‍ അക്കാദമി നടപ്പിലാക്കി വരുന്നുണ്ട്. അക്കാദമിയുടെ പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അക്കാദമിയില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവും. ഈ പ്രവര്‍ത്തനങ്ങളെയൊന്നും അധഃപതനം എന്ന വാക്ക് ചേര്‍ത്ത് പറയാന്‍ പാടില്ലായിരുന്നു. കാര്യങ്ങളെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാന്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരം ഗണേഷ് കുമാര്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും രഞ്ജിത്ത് പറഞ്ഞു.
അക്കാദമിയുടെ പക്കലുള്ള ചെറിയ ധനവിഹിതം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച സിനിമകളും വിഖ്യാതരായ സിനിമാപ്രവര്‍ത്തകരെയും കേരളത്തിലെത്തിച്ച് അവരുമായി ഡെലിഗേറ്റുകള്‍ക്ക് സംവാദത്തിനുള്ള അവസരം ഒരുക്കുന്ന വേദിയാണ് ചലച്ചിത്രമേള. ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് പുരസ്കാരമെത്തിക്കാന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് അക്കാദമി നടത്തുന്നത്. മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡിന് രാജ്യാന്തര മാനമുണ്ട്. അക്കാദമിയെ കുറ്റപ്പെടുത്തും മുന്‍പ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഗണേഷ് കുമാര്‍ മനസിലാക്കേണ്ടിയിരുന്നു. അവാര്‍ഡ് വിതരണത്തിനു പുറമെ ചലച്ചിത്ര അക്കാദമി ചലച്ചിത്ര മേഖലയില്‍ നിരവധി പദ്ധതികള്‍ നടത്തി വരുന്നുണ്ട്. ഗണേഷ് കുമാര്‍ മന്ത്രിപദം ഒഴിഞ്ഞതിനു ശേഷം നിരവധി മന്ത്രിമാരും നിര്‍ദിഷ്ട പദ്ധതികളും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതേക്കുറിച്ച് അക്കാദമി ഗണേശനെ ധരിപ്പിക്കാത്തത് തെറ്റിദ്ധാരണയ്ക്കു കാരണമായിരിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.
Content Highlights: Ranjith Director against Ganesh Kumar MLA for criticizing chalachitra academy controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..