കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തനിക്ക് വയനാട്ടില്‍ ഉണ്ടായ ഒരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് 
കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മന്ത്രി ടി.പി രാമകൃഷ്ണില്‍ നിന്നാണ് പ്രകടന പത്രിക രഞ്ജിത്ത് ഏറ്റുവാങ്ങിയത്.

വയനാട്ടിലെ എതോ ഉള്‍നാട്ടില്‍ പോയപ്പോള്‍ താന്‍ ചായ കുടിക്കാന്‍ ഒരു കടയില്‍ കയറിയെന്നും തിരഞ്ഞെടുപ്പിനെക്കുറിച്ച് ചായക്കടക്കാരനോട് സംസാരിച്ചപ്പോള്‍ നിലവിലുള്ള സര്‍ക്കാറിന്റെ കോവിഡ് കാലത്തെ ഇടപെടലിനെക്കുറിച്ച് അയാള്‍ പ്രകീര്‍ത്തിച്ച് സംസാരിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു. 

വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണിതെന്നും, എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്നും ചായക്കടക്കാരന്‍ പറഞ്ഞു. അതല്ല താന്‍ ഉദ്ദേശിച്ചതെന്നും, അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് താന്‍ ചോദിച്ചതെന്നും പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, 'പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശികയില്ല സാറെ. എല്ലാം സമയത്ത് തന്നെ'- അസംബ്ലി ഇലക്ഷനെക്കുറിച്ച് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു.

Content Highlights: Ranjith Director About assembly panchayat election Kerala 2020 praises LDF Government