ചാനല്‍ അവതാരകര്‍ക്കിടയില്‍ രഞ്ജിനിയെപ്പോലെ പ്രശസ്തിയാര്‍ജിച്ച മറ്റൊരു താരമില്ല. സ്വന്തം നിലപാടുകള്‍ തുറന്ന് പറയുമ്പോള്‍ സമൂഹ മാധ്യമങ്ങളിലും ചാനല്‍ സംവാദങ്ങളിലും രഞ്ജിനി ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആക്ഷേപങ്ങളൊന്നും തെല്ലും ബാധിക്കാതെ രഞ്ജിനി ഇന്നും നമുക്ക് മുന്നിലുണ്ട്. ജീവിതാനുഭവങ്ങള്‍ തന്നെയാണ് തനിക്ക് കരുത്തു പകര്‍ന്നതെന്ന് രഞ്ജിനി പറയുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കൃത്യമായ നിലപാടുണ്ട് രഞ്ജിനിക്ക്. ഇതൊക്കെ തുറന്നു പറയുന്നുണ്ട് രഞ്ജിനി ജൂലായ് ലക്കം സ്റ്റാര്‍ ആന്റ് സൈറ്റൈലിന് അഭിമുഖത്തിൽ.
'അനുഭവങ്ങളും ജീവിത പരിചയവുമാണ് നമ്മുടെ അഭിപ്രായങ്ങള്‍ മാറ്റിമറയ്ക്കുന്നത്. കല്യാണം കഴിക്കില്ല, 32-ാം വയസ്സില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കും എന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ വിവാഹ ഏര്‍പ്പാടില്‍ വലിയ താല്‍പര്യമില്ല. ഒരുപാട് കൂട്ടുകാരുള്ളതിനാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടിട്ടില്ല. അമ്മയും നിര്‍ബന്ധിക്കാറില്ല. ഏറെ സെന്‍സിറ്റീവായ ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ ഫാമിലിയും വളര്‍ത്തുമൃഗങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. അത് തിരിച്ചറിഞ്ഞ് ജീവിതത്തെ സന്തോഷത്തോടെ കാണാന്‍ കഴിയുന്ന ഒരാള്‍ വന്നാല്‍ വിവാഹം കഴിച്ചേക്കും.

പിന്നെ പരോക്ഷത്തില്‍ ഒരു ദത്തെടുക്കല്‍ ജീവിതത്തില്‍ സംഭവിച്ചു. എന്റെ കൂട്ടുകാരിയാണ് പപ്പു എന്ന ബംഗാളി തോട്ടക്കാരനെ ഞങ്ങള്‍ക്ക് തന്നത്. കുറെക്കാലം അവന്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. അവന്റെ വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യയുമൊപ്പം വീട്ടിലായി താമസം. അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു. ആ കുട്ടിക്ക് നാല് വയസ്സായി. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്‌ക്കൊപ്പമാണ് അവളുടെ ഉറക്കം. സ്‌നേഹവും വാത്സല്യവുമെല്ലാം ഞാന്‍ അവള്‍ക്ക് കൊടുക്കുന്നുണ്ട്. ഇപ്പോള്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത പോലെയായി.'-രഞ്ജിനി പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍