ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പുറത്തിറങ്ങിയ ശേഷം ആളുകള്‍ക്ക് തന്നെക്കുറിച്ചുള്ള അഭിപ്രായം മാറിയെന്ന് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ്, ഫെമിനിസം, തന്നെക്കുറിച്ചു പുറത്തു വന്ന ട്രോളുകള്‍, ശബരിമലയിലെ സുപ്രീംകോടതി വിധി എന്നീ വിഷയങ്ങളെക്കുറിച്ച് ജമേഷ് ഷോ എന്ന ചാറ്റ് ഷോയില്‍ ജമേഷ് കോട്ടക്കലുമായി സംസാരിക്കുകയായിരുന്നു രഞ്ജിനി. 

രഞ്ജിനിയുടെ വാക്കുകള്‍

ബിഗ് ബോസ് കഴിഞ്ഞതിനു ശേഷം ആളുകള്‍ക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായം പാടേ മാറി. വെറുതെ എല്ലായിടത്തും ഇടപെട്ട് പ്രശ്‌നമുണ്ടാക്കുന്നയാള്‍ എന്നായിരുന്നു അതുവരെ ആളുകളുടെ ധാരണ. ബിഗ്‌ബോസിലൂടെ ആ തെറ്റിദ്ധാരണ കുറേയൊക്കെ മാറി. ഇപ്പോള്‍ ഒത്തിരി സ്‌നേഹം കൂടിയിട്ടുണ്ട്. അതെനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. പണ്ടും ഒരു സ്റ്റ്രോങ് വുമണ്‍ എന്ന രീതിയില്‍ എന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടായിരുന്നു. എങ്കിലും പലര്‍ക്കും എന്നെ ഒരു സ്ത്രീയായി പരിഗണിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ബിഗ് ബോസ് എന്റെ ദൗര്‍ബല്യങ്ങളെ എക്‌സ്‌പോസ് ചെയ്തു. അതിലെ ഓരോ എപിസോഡും കണ്ട്, അങ്ങനെ ആളുകള്‍ക്ക് ഞാനുമൊരു മനുഷ്യസ്ത്രീയാണെന്ന് മനസിലായി. ഇപ്പോള്‍ എന്നെ പിന്തുണച്ച് ആര്‍മിഗ്രൂപ്പുകള്‍ വരെയുണ്ട്.

ബിഗ് ബജറ്റ് നിര്‍മാണമെന്ന നിലയിലാണ് പങ്കെടുക്കാമെന്ന് കരുതിയത്. നമ്മുടെ കൈയിലല്ല, കണ്‍ട്രോള്‍. മൂന്നാഴ്ച്ചയൊക്കെ അഭിനയിക്കാം. അതു കഴിഞ്ഞാല്‍ തനിനിറം പുറത്തു വരും. പിന്നെ ജീവിതത്തില്‍ ഇപ്പോള്‍ നമുക്കൊരാളെ ഇഷ്ടമല്ലെങ്കില്‍ നമുക്ക് മാറി നടക്കാം. ആ വീട്ടില്‍ അതു സാധ്യമല്ലായിരുന്നു. അതായിരുന്നു ഷോ നിയമങ്ങള്‍. ആ നെഗറ്റീവ് എനര്‍ജി എന്റെയുള്ളില്‍ കയറിപ്പറ്റി. ഞാന്‍ ആകെ ദുഷിച്ചുപോയ അവസ്ഥയിലായി. എങ്കിലും ആ ഷോയിലൂടെ കുറേ പാഠങ്ങള്‍ പഠിച്ചു. നല്ല അനുഭവങ്ങള്‍ തന്നു.

പൊതുവെ വളരെ ഉയര്‍ന്ന ശബ്ദത്തിലാണ് ഞാന്‍ സംസാരിക്കാറുള്ളത്. സാധാരണ സംഭാഷണങ്ങളില്‍ തന്നെ 'ഇവള്‍ വഴക്കിടുകയാണോ' എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. പിന്നെ മാധ്യമങ്ങളിലൂടെയും മറ്റും പ്രശ്‌നമുണ്ടാക്കുന്നവള്‍, ബഹളമുണ്ടാക്കുന്നവള്‍ രഞ്ജിനിയെന്നാണ് ആളുകള്‍ ധരിച്ചു വച്ചിരുന്നത്. ഞാനെന്നും പ്രതികരിച്ചിട്ടേയുള്ളൂ. എന്റെ നേരെ ആരെങ്കിലും വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അക്രമിക്കാന്‍ വരുമ്പോള്‍ ചെറുത്തു നില്‍ക്കുക. അതേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്നെ സുരക്ഷിതയാക്കാന്‍ വേണ്ടി ഞാന്‍ ചെയ്യുന്നതാണ് അതെല്ലാം. ഞാനായിട്ട് അങ്ങോട്ട് ചെന്ന് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്നെ അതിന് മാപ്പും പറഞ്ഞ് പരിഹരിച്ചിട്ടുണ്ടാകും. 

Content Highlights : Ranjini Haridas about Sabarimala, Big Boss, Feminism, trolls, Jamesh Show