ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിനാണ് റാണി മുഖര്‍ജി സിനിമയെക്കുറിച്ച് സന്ദേശം അയച്ചത്. പൃഥ്വിരാജ് ഈ സന്ദേശം ജിയോ ബേബിക്ക് അയക്കുകയും അദ്ദേഹം അത് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയുമായിരുന്നു.

''പൃഥ്വി, ഇത് ഞാനാണ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. അതൊരു അസാമാന്യമായ സൃഷ്ടിയാണ്. എനിക്ക് ആ ചിത്രം ഇഷ്ടമായെന്ന് സംവിധായകനെ അറിയിക്കണം. ഈ സമീപകാലത്ത് ഇറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്''- റാണി മുഖര്‍ജി കുറിക്കുന്നു.

ജനുവരി 15 ന് പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍  കിച്ചണ്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ചിത്രമാണ്. സ്ത്രീപക്ഷത്തു നിന്ന് കഥ പറഞ്ഞ ഈ ചിത്രം ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടിനേടുകയും ചെയ്തു. 

Happiness is 💕 TGIK Amazon effect 😍

Posted by Jeo Baby on Thursday, 8 April 2021

ഒരു പഴയ നായര്‍ തറവാട്ടിലെ അവസാന കണ്ണിയായ നായകന്‍ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായികയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാന്‍ സാധിക്കാതെ വരുന്നതും, അതെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതവും ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. നിമിഷ സജയനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമൂട്, ടി സുരേഷ് ബാബു, അജിത വി.എം, രമാദേവി, സിദ്ധാര്‍ഥ് ശിവ എന്നിവരാണ് മറ്റു താരങ്ങള്‍.

Content Highlights: Rani Mukherjee Praises The Great Indian Kitchen Movie send message to Prithviraj Jeo Baby shares