വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍. കങ്കണയും ഋത്വിക് റോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചും സ്വന്തം ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞും രംഗത്തു വന്നിട്ടുള്ള രംഗോലി ഇപ്പോള്‍ പുതിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
മകന് അര്‍ഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ച മലൈക അറോറയെക്കുറിച്ച് രംഗോലി ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമാകുന്നത്. കിടക്കയില്‍ കിടന്ന് മകന് അര്ഹാനൊപ്പമെടുത്ത സെല്‍ഫി മലൈക അറോറ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'അമ്മയെ മകന് നന്നായി സംരക്ഷിക്കുമ്പോള്‍' എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി മലൈക നല്‍കിയത്. ഈ ചിത്രം പങ്കുവെച്ച് രംഗോലി 'ഇതാ ആധുനിക ഇന്ത്യന്‍ അമ്മ, വളരെ നന്നായിരിക്കുന്നു' എന്ന് ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ പരിഹാസച്ചുവയുണ്ടെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ രംഗോലി മാലിന്യം കണ്ടെത്തുകയാണെന്നുള്ള തരത്തില്‍ വിമര്‍ശനങ്ങളുണ്ട്. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ രംഗോലി വിശദീകരണവുമായി എത്തിയിട്ടുണ്ട്. മലൈകയെക്കുറിച്ച് വളരെ മോശമായ രീതിയില്‍ പലരും പറയുന്നതു കേള്‍ക്കുന്നു. എന്നാല്‍ ഈ ചിത്രം കണ്ടിട്ട് തനിക്കങ്ങനെയൊന്നും തോന്നുന്നില്ലെന്നും അമിതമായി ആലോചിച്ചുകൂട്ടരുതെന്നും രംഗോലി ട്വീറ്റിലൂടെ പറയുന്നു. രംഗോലിയുടെ ട്വീറ്റ് ഇതിനോടകം വിവാദമായിട്ടുണ്ട്.
Content Highlights : kangana ranaut tweet about malaika arora's photo with son controversy